ന്യൂഡൽഹി> നാഷണൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിൽ രണ്ടാം ദിവസവും ഹാജരായി. രാവിലെ 11 മണിക്ക് ഇഡി ഓഫിസെത്താനാണ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇന്നലെ പത്ത് മണിക്കൂറിലധികം സമയം ഇ.ഡി രാഹുലിനെ ചോദ്യം ചെയ്തിരുന്നു.
ഇഡി ഡെപ്യൂട്ടി ഡയറക്ടറുടെയും ജോയിന്റ് ഡയറക്ടറുടെയും മേൽനോട്ടത്തിൽ അന്വേഷകസംഘം രണ്ടുഘട്ടമായാണ് രാഹുലിനെ ചോദ്യം ചെയ്തത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം 50-ാം വകുപ്പ് അനുസരിച്ച് മൊഴി രേഖപ്പെടുത്തി. കോൺഗ്രസ് നേതൃത്വത്തെ കേന്ദ്ര ഏജൻസികൾ വേട്ടയാടുകയാണെന്ന് ആരോപിച്ച് നേതാക്കളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെ പകൽ 11.15നാണ് രാഹുല്‍ ഇഡി ആസ്ഥാനത്ത് എത്തിയത്. ആദ്യഘട്ടത്തിൽ മൂന്ന് മണിക്കൂറോളം ചോദ്യംചെയ്തു.