ചെന്നൈ> തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. നവദമ്പതികളെ വധുവിന്റെ സഹോദരൻ വെട്ടിക്കൊന്നു. അഞ്ച് ദിവസം മുമ്പ് വിവാഹിതരായ ശരണ്യ – മോഹൻ എന്നീ ദമ്പതികളെയാണ് കൊലപ്പെടുത്തിയത്.
ശരണ്യയേയും മോഹനേയും വിരുന്ന് നൽകാനെന്ന് പറഞ്ഞ് വിളിച്ച് ഇന്നലെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. വീട്ടിലെത്തിയ ശരണ്യയെയും മോഹനെയും സഹോദരൻ ശക്തിവേൽ, ബന്ധു രഞ്ജിത് എന്നിവർ ചേർന്ന് വെട്ടിക്കൊല്ലുകയായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതികൾ ഒളിവിൽ പോയി.
കുംഭകോണത്തിനടുത്തുള്ള ചോളപുരത്തെ തുളുക്കവേലി സ്വദേശിയായിരുന്നു ശരണ്യ. 31-കാരനായ മോഹനും 22-കാരിയായ ശരണ്യയും തിരുനെൽവേലിയിലെ ഒരു സ്വകാര്യ
ആശുപത്രിയിൽ ജോലി ചെയ്യവേയാണ് പ്രണയത്തിലാവുന്നത്. രണ്ട് ജാതിവിഭാഗങ്ങളിൽപ്പെട്ടവരാണ് ശരണ്യയും മോഹനും. വിവാഹത്തെ ശരണ്യയുടെ വീട്ടുകാർ എതിർത്തിരുന്നു. എന്നാൽ ഇരുവരും ചെന്നൈയിലെത്തി ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. വിവാഹത്തെക്കുറിച്ച് അറിഞ്ഞ ശരണ്യയുടെ സഹോദരൻ ശക്തിവേൽ, ഇരുവരോടും ക്ഷമിച്ചുവെന്ന് പറഞ്ഞ് വീട്ടിലേക്ക് തിരിച്ച് വരാൻ ആവശ്യപ്പെടുകയായിരുന്നു.
പോസ്റ്റ്മോർട്ടത്തിന് ശേഷം ഇരുവരുടെയും മൃതദേഹം മോഹന്റെ ബന്ധുക്കൾക്ക് വിട്ട് നൽകും.