തിരുവനന്തപുരം> കേന്ദ്ര ഏജൻസികളാണ് തന്റെ രക്ഷകരായി നിലകൊണ്ടതെന്ന് ഹൈക്കോടതിയിൽ സ്വർണ്ണക്കള്ളക്കടത്ത് പ്രതി സ്വപ്ന സുരേഷ് വ്യക്തമാക്കിയതിലൂടെ കേന്ദ്ര ഏജൻസികളുടെ കള്ളക്കളികളാണ് വ്യക്തമാകുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഹൈക്കോടതിയിൽ സ്വപ്ന സുരേഷിനായി സമർപ്പിച്ചിട്ടുള്ള ഹർജിയിലാണ് കേന്ദ്ര ഏജൻസികളിലുള്ള വിശ്വാസം ഉറപ്പിച്ച് പറഞ്ഞിരിക്കുന്നത്. കേരളാ പോലീസിൽ വിശ്വാസമില്ലെന്ന കാര്യവും ഇതിൽ എടുത്ത് പറഞ്ഞിട്ടുണ്ട്. കോടതി പറഞ്ഞാൽ സംരക്ഷണം നൽകാമെന്ന് ഇഡിയും വ്യക്തമാക്കി കഴിഞ്ഞു.
സ്വർണ്ണക്കള്ളക്കടത്ത് കേസ് പ്രതി ഇത്തരത്തിൽ പ്രസ്താവിക്കുകയും, വെളിപ്പെടുത്തലുകളെന്ന പേരിൽ തെറ്റായ മൊഴികൾ നൽകുകയും ചെയ്യുമ്പോൾ തിരക്കഥകൾ എന്തിന് വേണ്ടി സൃഷ്ടിക്കപ്പെട്ടു എന്ന കാര്യം പകൽ വെളിച്ചംപോലെ വ്യക്തമാണ്. സ്വർണ്ണക്കള്ളക്കടത്ത് കേസ് പ്രതികൾക്ക് ജോലിയും സംരക്ഷണവും നൽകുന്നത് സംഘപരിവാറുകാർ രൂപം നൽകിയിട്ടുള്ള എൻജിഒ ആണെന്നകാര്യവും വ്യക്തമായിക്കഴിഞ്ഞു. സ്വർണ്ണക്കള്ളക്കടത്ത് കേസ് പ്രതികൾക്ക് കേസുൾപ്പടെ നടത്തുന്നതിനുള്ള സഹായങ്ങൾ നൽകുന്നത് ഈ എൻജിഒ ആണെന്നുള്ള കാര്യം അതിന്റെ ഭാരവാഹി തന്നെ സ്വകാര്യ ചാനലിൽ വ്യക്തമാക്കുകയും ചെയ്തിരിക്കുകയാണ്.
ആർഎസ്എസിന്റെ എൻജിഒയുടെ സംരക്ഷണം, കേന്ദ്ര ഏജൻസിയുടെ സുരക്ഷിത വലയം എന്നിവയെല്ലാം സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതിക്ക് ലഭിക്കുമ്പോൾ ഈ വെളിപ്പെടുത്തലുകൾക്ക് പിന്നിലുള്ളത് ആരെന്നും വ്യക്തമാകുന്നതായും കോടിയേരി ബാലകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു.