വിമാനത്തിനുള്ളിൽ അതും പറന്നു കൊണ്ടിരിക്കെ മുഖ്യമന്ത്രിക്ക് നേരെ ആക്രമണം അരങ്ങേറുക എന്നത് ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ ആദ്യ സംഭവമാണെന്നും വലിയ സംഖ്യ മുടക്കി ടിക്കറ്റ് എടുത്ത് വിമാനത്തിൽ കയറിയ യൂത്ത് കോൺഗ്രസുകാർ അങ്ങനെ ചെയ്യണമെങ്കിൽ മുകളിൽനിന്ന് നിർദേശമുണ്ടായിട്ടുണ്ടാകുമെന്നും ജോൺ ബ്രിട്ടാസ് എംപി.
വിമാന യാത്രയിലെ മുഖ്യമന്ത്രിയുടെ സുരക്ഷ ഭേദിക്കുക എന്നതിന് വലിയ പ്രത്യാഘാതങ്ങൾ ഉണ്ട്. കേവലം രണ്ട് പേർ മാത്രമാണ് മുഖ്യമന്ത്രിക്കൊപ്പം ഉണ്ടാകാറ്. ഇത്തരമൊരു സാഹചര്യത്തിൽ വിമാനം പ്രതിഷേധത്തിനും ആക്രമണത്തിനുമുള്ള വേദി ആകുമ്പോൾ മുഖ്യമന്ത്രിയുടെ സുരക്ഷ അപകടത്തിലാകുമെന്ന് വ്യക്തമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പ്
പ്രതിഷേധം ആണെന്നാണ് കോൺഗ്രസ് സമർത്ഥിക്കുന്നത്. സീറ്റ് ബെൽറ്റ് ധരിച്ചിരുന്ന മുഖ്യമന്ത്രിയുടെ നേർക്ക് ആക്രോശിച്ചുകൊണ്ട് നീങ്ങുന്നതിനെ പ്രതിഷേധമായി ആർക്കും കാണാൻ കഴിയില്ല. ആകാശ സുരക്ഷ സംബന്ധിച്ച് നിയമങ്ങളുടെ നഗ്നമായ ലംഘനം കൂടിയാണിത്.
വിമാന യാത്രയിലെ മുഖ്യമന്ത്രിയുടെ സുരക്ഷ ഭേദിക്കുക എന്നതിന് വലിയ പ്രത്യാഘാതങ്ങൾ ഉണ്ട്. കേവലം രണ്ട് പേർ മാത്രമാണ് മുഖ്യമന്ത്രിക്കൊപ്പം ഉണ്ടാകാറ്. ഇത്തരമൊരു സാഹചര്യത്തിൽ വിമാനം പ്രതിഷേധത്തിനും ആക്രമണത്തിനുമുള്ള വേദി ആകുമ്പോൾ മുഖ്യമന്ത്രിയുടെ സുരക്ഷ അപകടത്തിലാകുമെന്ന് വ്യക്തം. എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ അടക്കമുള്ളവർ ഉണ്ടായിരുന്നതുകൊണ്ടാണ് ആക്രമണത്തെ പ്രതിരോധിക്കാൻ കഴിഞ്ഞത്. പത്തും ഇരുപതും യൂത്ത് കോൺഗ്രസുകാർ വിമാനത്തിനുള്ളിൽ കയറിയിരുന്നു എങ്കിൽ എന്താകുമായിരുന്നു സ്ഥിതി.
BOEING -AIRBUS വിമാനം അല്ല കണ്ണൂർ തിരുവനന്തപുരം റൂട്ടിൽ സർവീസ് നടത്തുന്നത്. താഴ്ന്നു പറക്കുന്ന ATR എന്ന ചെറുവിമാനം ആണ്. ഇത്തരം വിമാനത്തിൽ പ്രതിഷേധവും ആക്രമണവും ഉണ്ടായാൽ അപകടം പോലും സംഭവിക്കാം.മറ്റു യാത്രക്കാരുടെ സുരക്ഷ പോലും പന്താടി കൊണ്ടുള്ള പരിപാടിയാണ് കോൺഗ്രസ് ഏറ്റെടുത്തത്. വലിയ സംഖ്യ മുടക്കി ടിക്കറ്റ് എടുത്ത് വിമാനത്തിൽ കയറിയ യൂത്ത് കോൺഗ്രസുകാർ അങ്ങനെ ചെയ്യണമെങ്കിൽ മുകളിൽനിന്ന് നിർദേശമുണ്ടായിട്ടുണ്ടാകും. അത്യന്തം അപലപനീയമാണ് ഈ നടപടി.
1978 ഡിസംബർ 20ന് ഇന്ദിരാഗാന്ധിയെ വിട്ടയക്കണമെന്നും സഞ്ജയ് ഗാന്ധിക്കെതിരെയുള്ള കേസ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് വിമാനം റാഞ്ചിയ പാരമ്പര്യം ഉള്ളവരാണ് യൂത്ത് കോൺഗ്രസുകാർ.കൽക്കട്ടയിൽ നിന്നും പുറപ്പെട്ട വിമാനത്തിലെ 130 യാത്രക്കാരെയും വിമാന ജീവനക്കാരെയും അന്ന് ബന്ദികളാക്കി യിരുന്നു.ആ പ്രേതബാധയാണ് കേരളത്തിലെ യൂത്ത് കോൺഗ്രസുകാരെ ബാധിച്ചിരിക്കുന്നത്.
ജോൺ ബ്രിട്ടാസ്