ന്യൂഡൽഹി
വോട്ടർ ഐഡി കാർഡിനെ ആധാറുമായി ബന്ധിപ്പിക്കുക, അഭിപ്രായ വോട്ടെടുപ്പുകളും എക്സിറ്റ് പോളുകളും വിലക്കുക, രാഷ്ട്രീയ പാർടികളുടെ അംഗീകാരം എടുത്തുകളയാൻ അധികാരം നൽകുക, ഒരാൾക്ക് ഒരു സീറ്റിൽമാത്രം മത്സരിക്കാൻ അനുമതി തുടങ്ങിയ ശുപാർശകൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ കേന്ദ്രസർക്കാരിന് മുമ്പാകെവച്ചു. കഴിഞ്ഞ മാസം മുഖ്യതെരഞ്ഞെടുപ്പ് കമീഷണറായി ചുമതലയേറ്റ രാജീവ് കുമാറാണ് കേന്ദ്ര നിയമമന്ത്രാലയത്തിന് ശുപാർശ സമർപ്പിച്ചത്. ആകെ ആറ് ആവശ്യം സർക്കാരിന് മുമ്പാകെവച്ചിട്ടുണ്ടെന്ന് കമീഷൻ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ ദിനപത്രം റിപ്പോർട്ടു ചെയ്തു. വോട്ടർ പട്ടികയെ ആധാറുമായി ബന്ധിപ്പിച്ചുള്ള തെരഞ്ഞെടുപ്പ് നിയമ ഭേദഗതി ബിൽ കഴിഞ്ഞ ഡിസംബറിൽ രാജ്യസഭ പ്രതിപക്ഷ എതിർപ്പിനിടെ ശബ്ദവോട്ടിൽ പാസാക്കിയിരുന്നു.
രണ്ടായിരം രൂപയിൽ കൂടുതലുള്ള എല്ലാ സംഭാവനകളും സ്വയമേവ വെളിപ്പെടുത്തണമെന്നും ശുപാർശയുണ്ട്. നിലവിൽ ഇരുപതിനായിരം രൂപയിൽ കൂടുതലുള്ളതാണ് വെളിപ്പെടുത്തേണ്ടത്. നിലവിലെ ജനപ്രാതിനിധ്യ നിയമപ്രകാരം ഒരാൾക്ക് രണ്ട് സീറ്റിൽ മത്സരിക്കാം. ഇത് തിരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയും 2014ൽ നരേന്ദ്ര മോദിയും രണ്ട് സീറ്റിൽ മത്സരിച്ചു.