ന്യൂഡൽഹി
ബിജെപി നേതാക്കളുടെ പ്രവാചകനിന്ദയ്ക്കെതിരെ രാജ്യത്ത് വിവിധയിടങ്ങളിൽ പ്രതിഷേധം തുടരുന്നു. ശക്തമായ പ്രക്ഷോഭം ഉയര്‍ന്ന പശ്ചിമ ബംഗാളിൽ വിവിധ നഗരങ്ങളിലായി ഇരുനൂറിലേറെപ്പേർ അറസ്റ്റിലായി. മുർഷിദാബാദ്, ഹൗറ, നാദിയ ജില്ലകളില്‍ പ്രതിഷേധം ശക്തം. ഇവിടങ്ങളിൽ ഇന്റർനെറ്റ് ബന്ധം പുനഃസ്ഥാപിച്ചിട്ടില്ല.
എന്നാൽ, സ്ഥിതി നിയന്ത്രണവിധേയമാണെന്നാണ് പൊലീസ് ഭാഷ്യം. പ്രതിഷേധക്കാർ റെയിൽവേ ട്രാക്കുകൾ തടഞ്ഞതിനാൽ തിങ്കൾ രാവിലെ സീൽദാ-–-ഹഷ്നാബാദ് പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. പ്രശ്നബാധിത മേഖലകളിൽ വൻ പൊലീസ് വിന്യാസമുണ്ട്. അതിനിടെ നൂപുർ ശർമയ്ക്കും നവീൻ ജിൻഡാലിനുമെതിരെ കൊൽക്കത്ത പൊലീസ് കേസെടുത്തു. നർകെൽഡംഗ സ്റ്റേഷനിൽ 20ന് ഹാജരാകാൻ ഇരുവരോടും പൊലീസ് ആവശ്യപ്പെട്ടു. അതേസമയം, മുംബൈയിലെ ബിവണ്ടി പൊലീസ് സ്റ്റേഷനില്‍ തിങ്കളാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും നൂപുര്‍ ശര്‍മ എത്തിയില്ല. കൂടുതല്‍ സാവകാശം അഭ്യര്‍ത്ഥിച്ച് ഇ മെയില്‍ അയച്ചു.
യുപിയിൽ അറസ്റ്റിലായവരുടെ എണ്ണം 400 പിന്നിട്ടു. സഹാർപുർ, പ്രയാഗ്രാജ് നഗരങ്ങളിലെ പൊലീസ് സ്റ്റേഷനുകൾ ന്യൂനപക്ഷവിഭാഗങ്ങളെക്കൊണ്ട് നിറഞ്ഞു. ജെഎൻയു വിദ്യാർഥി യൂണിയൻ കൗൺസിലറായിരുന്ന അഫ്രീൻ ഫാത്തിമയുടെ പ്രയാഗ് രാജിലെ വീടും കോർപറേഷൻ ബുൾഡോസർകൊണ്ട് തകർത്തു.
ഞായറാഴ്ചയാണ് വീട് തകർത്തത്. അഫ്രീനിന്റെ പിതാവ് ജാവേദ് അഹമ്മദാണ് അക്രമങ്ങളുടെ സൂത്രധാരനെന്ന് പൊലീസ് ആരോപിച്ചു.ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിൽ പ്രക്ഷോഭത്തിൽ ഇതുവരെ 25 കേസെടുത്തു. ആയിരത്തോളം പേർക്കെതിരെയാണ് കേസ്.
ബെലഗവിയില്‍ നൂപുര്‍ ശര്‍മയുടെ
കോലം തൂക്കി
ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മയുടെ കോലം തൂക്കിയിട്ടതിന് കര്‍ണാടകത്തിലെ ബെലഗവിയില്‍ മൂന്നുപേര്‍ അറസ്റ്റില്‍. മഹമ്മൂദ് സൊഹബ്, അമന് മൊകാഷി, അര്‍ബജ് മൊകാഷ് എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച ബെല്‍ഗാവിലെ ഫോര്‍ട്ട് റോഡില്‍ കേബിള്‍ വയറില്‍ തൂക്കിയ നിലയിലായിരുന്നു കോലം.