ന്യൂഡൽഹി
ഡൽഹി പൊലീസ് കർശന നിയന്ത്രണം ഏർപ്പെടുത്തുകയും പ്രവർത്തകർ സംഘർഷം സൃഷ്ടിക്കുകയും ചെയ്തതോടെ മണിക്കൂറുകൾ ഗതാഗതം സ്തംഭിച്ച് ജനം വലഞ്ഞു. പകൽ ഏഴ്മുതൽ 12വരെ ബസുകളടക്കം വാഹനങ്ങളെല്ലാം തടഞ്ഞു. ഓഫീസുകളിൽ എത്താനാകാതെ ആളുകൾ പൊരിവെയിലിൽ കുടുങ്ങി. തുഗ്ലക്ക്റോഡ് ജങ്ഷൻ, ക്ലാരിഡ്ജസ് ജങ്ഷൻ, ക്യൂപോയിന്റ് ജങ്ഷൻ, സുനേരി മസ്ജിദ് ജങ്ഷൻ, മൗലാനആസാദ് റോഡ്, മാൻസിങ് റോഡ് എന്നിവിടങ്ങളിൽ ഗതാഗതം നിലച്ചു. തിങ്കൾ പകൽ ഒമ്പതുമുതൽ നേതാക്കളും പ്രവർത്തകരും കോൺഗ്രസ് ആസ്ഥാനത്ത് എത്തിച്ചേർന്നു. അക്ബർറോഡ്, അബ്ദുൾകലാംറോഡ്, മാൻസിങ് റോഡ് എന്നിവിടങ്ങളിൽവച്ച് പ്രവർത്തകരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തത് വലിയ സംഘർഷമായി.
രണ്ട് മുഖ്യമന്ത്രിമാരും
സമരത്തിനെത്തി
ഇഡി ആസ്ഥാനത്തേക്കുള്ള കോണ്‍ഗ്രസ് പ്രകടനത്തില്‍ മുഖ്യമന്ത്രിമാരായ അശോക്ഗെലോട്ട്, ഭൂപേഷ് ബാഗേൽ, മുതിർന്ന നേതാക്കളായ പി ചിദംബരം, മല്ലികാർജുൻ ഖാർഗെ, ഹരീഷ്റാവത്ത്, അംബികാസോണി, ജയ്റാംരമേശ്, അധീർരഞ്ജൻ ചൗധ്രി, കെ സി വേണുഗോപാൽ തുടങ്ങിയവർ പ്രകടനത്തിൽ പങ്കെടുത്തു. ഉമ്മൻചാണ്ടി എഐസിസി ഓഫീസിൽ തുടർന്നു. നേതാക്കളെ അറസ്റ്റുചെയ്തുനീക്കി. മറ്റുചിലരെ ഹരിയാന അതിർത്തിയിലെത്തിച്ച് ഇറക്കിവിട്ടു. രാഹുലിനൊപ്പം അഭിഭാഷകനെയും അനുവദിക്കണമെന്ന് പി ചിദംബരം ആവശ്യപ്പെട്ടെങ്കിലും അധികൃതർ തയ്യാറായില്ല.
പൊലീസ് തള്ളിയിട്ടതിനെ തുടർന്ന് ചിദംബരത്തിന്റെ ഇടതു വാരിയെല്ലിന് പൊട്ടലേറ്റെന്ന് കോൺഗ്രസ് അറിയിച്ചു. പ്രകടനത്തിനിടെ കെ സി വേണുഗോപാൽ കുഴഞ്ഞുവീണു. പൊലീസ് വലിച്ചിഴച്ച് വാഹനത്തിൽ കയറ്റി.