കോഴിക്കോട്> മുഖ്യമന്ത്രിയെ ജനം സംരക്ഷിക്കുമെന്നും ആ ശക്തി ഉള്ളിടത്തോളം പിണറായി വിജയൻ മുഖ്യമന്ത്രിയായി തുടരുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ സംരക്ഷണം ഏറ്റെടുക്കാൻ പാർടി തീരുമാനിച്ചാൽ പിന്നെ ഒരാളും പ്രതിഷേധിക്കാൻ വരില്ലെന്നും കോടിയേരി പറഞ്ഞു. സിപിഐ എം ചീക്കിലോട് ബ്രാഞ്ച് ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയെ ആക്രമിക്കാൻ അവസരം കാത്തു കിടക്കുകയാണ് ചില കൂട്ടർ. കലാപമുണ്ടാക്കി അന്തരീക്ഷം കലുഷിതമാക്കാമെന്ന് കരുതിയാൽ കേരളം വഴങ്ങില്ല. സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള വലതുപക്ഷ ഗൂഢാലോചനയാണ് സമരത്തിന് പിന്നിൽ. വിമോചന സമരകാലത്തേക്കാൾ ശക്തമായ രീതിയിൽ കോപ്പു കൂട്ടാനാണ് ശ്രമം. മുഖ്യമന്ത്രിമാർക്ക് സംരക്ഷണം നൽകുന്നത് കേരളത്തിൽ ആദ്യത്തെ സംഭവമല്ല. ഉമ്മൻ ചാണ്ടി പട്ടാളത്തിന്റെ അകമ്പടിയോടെയാണ് പത്ത് ദിവസം സെക്രട്ടറിയറ്റ് കണ്ടതെന്നും കോടിയേരി പറഞ്ഞു.