തിരുവനന്തപുരം> വിമാനംപോലുള്ള അതീവ സുരക്ഷാമേഖലയിൽ മുഖ്യമന്ത്രിക്കും എൽഡിഎഫ് കൺവീനർക്കും നേരെ നടന്ന കൈയേറ്റശ്രമം ഞെട്ടിപ്പിക്കുന്നതും അതീവ ഗൗരവത്തോടെ കാണേണ്ടതുമാണെന്ന് ഡിവൈഎഫ്ഐ. ഏതാനും ദിവസങ്ങളായി യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ ലീഗ്–-ബിജെപി ഐക്യ മുന്നണി നടത്തുന്ന കലാപ സമാനമായ പ്രതിഷേധനാടകം സർവസീമയും ലംഘിച്ചിരിക്കുകയാണ്.
കെ സുധാകരൻ ആർഎസ്എസ് വാടകക്കൊലയാളികളെ ഉപയോഗിച്ചാണ് ട്രെയിനിൽവച്ച് മുമ്പ് പിണറായി വിജയനെ വധിക്കാൻ ശ്രമിച്ചത്. ആ വധശ്രമത്തിന്റെ ഇരയാകേണ്ടിവന്ന് വേദനയോടെ ഇന്നും ജീവിക്കുന്നയാളാണ് തിങ്കളാഴ്ച മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന ഇ പി ജയരാജൻ. വിമാനത്തിലെ അസ്വഭാവികമായ ഏത് പ്രവൃത്തിയും അതീവ പ്രാധാന്യത്തോടെയുള്ള സുരക്ഷാ പ്രശ്നമായാണ് കാണുന്നത്. അതിനാലാണ് അങ്ങനെയുള്ളവർക്ക് യാത്രാവിലക്ക് അടക്കം ഏർപ്പെടുത്തുന്നത്.
മുഖ്യമന്ത്രിക്കും എൽഡിഎഫ് കൺവീനർക്കും നേരെ വിമാനത്തിൽ നടന്ന അക്രമശ്രമവും സുരക്ഷാവീഴ്ചയും കേന്ദ്ര വ്യോമയാന മന്ത്രാലയവും കേന്ദ്ര സർക്കാരും അതീവ ഗൗരവത്തോടെ കാണണം. യൂത്ത് കോൺഗ്രസ് ക്രിമിനലുകളുടെ ഭീകര പ്രവർത്തനം കണ്ടുനിൽക്കില്ലെന്നും, ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.