തിരുവനന്തപുരം> വിമാനത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ പിടിയിൽ. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് കറുത്ത വസ്ത്രം ധരിച്ചെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചത്.
മുദ്രവാക്യം വിളിച്ച് മുഖ്യമന്ത്രിയ്ക്ക് നേരെ വന്നവരെ എൽഡിഎഫ് കൺവീനര്‍ ഇപി ജയരാജന് തള്ളിമാറ്റുകയായിരുന്നു. മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി ആർ. കെ നവീൻ കുമാർ തുടങ്ങിയവരാണ് വിമാനത്തിനുള്ളിൽ കടന്നുകയറിയത്.
ഉടനെത്തിയ സുരക്ഷാ ജീവനക്കാർ ഇരുവരേയും കീഴടക്കി. ഇരുവരും ഓടി രക്ഷപെടാൻ ശ്രമം നടത്തി. ഇവര്‍ മദ്യപിച്ചിരുന്നതായും സംശയമുണ്ട്. സ്ത്രീകളടക്കമുള്ള യാത്രക്കാർ ഭയന്നു വിറച്ചു. ഭീതിതമായ അന്തരീക്ഷമായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു.
ഇവരെ സംശയാസ്പദമായ സാഹചര്യത്തിൽ വിമാനത്താവളത്തിൽ കണ്ടപ്പോൾ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍, ആര്‍സിസിയിൽ രോഗിയെ കാണാൻ പോകുന്നു എന്നു പറഞ്ഞ് വിമാനത്തിൽ കയറിപറ്റുകയായിരുന്നു. അതീവ സുരക്ഷാ മേഖലയിൽ നടന്ന അസാധാരണമായ സംഭവത്തെ എയർപോർട്ട് അതോറിറ്റിയും സിഐഎസ്എഫും അതീവ ഗൗരവമായാണ് കാണുന്നത്.സിഐഎസ്എഫ് ഇരുവരേയും ചോദ്യം ചെയ്യുകയാണ്.