കൊൽക്കത്ത
പരിക്കുസമയം സഹൽ അബ്ദുൾ സമദ് കുറിച്ച ഗോളിൽ അഫ്ഗാനിസ്ഥാനെ വീഴ്ത്തി ഇന്ത്യ (2–-1). ചൊവ്വാഴ്ച ഹോങ്കോങ്ങിനെ തോൽപ്പിച്ചാൽ ഇന്ത്യക്ക് അടുത്തവർഷം അരങ്ങേറുന്ന എഫ്സി ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യത നേടാം. പകരക്കാരനായി കളത്തിലെത്തി നിമിഷങ്ങൾക്കകമായിരുന്നു സഹലിന്റെ വിജയഗോൾ. മറ്റൊരു മലയാളിതാരം ആഷിഖ് കുരുണിയനായിരുന്നു ഗോളിന് വഴിയൊരുക്കിയത്. അവസാന അഞ്ചു മിനിറ്റിലായിരുന്നു എല്ലാ ഗോളും.
ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ സുന്ദര ഫ്രീകിക്ക് ഗോളിൽ 86–-ാംമിനിറ്റിൽ മുന്നിലെത്തിയ ഇന്ത്യയെ രണ്ടു മിനിറ്റിനുള്ളിൽ സുബൈർ അമീരിയിലൂടെ അഫ്ഗാൻ ഒപ്പംപിടിച്ചു. പിന്നാലെ ഛേത്രിയെ പിൻവലിച്ച് കോച്ച് ഇഗർ സ്റ്റിമച്ച് സഹലിനെ ഇറക്കുകയായിരുന്നു. 91–-ാംമിനിറ്റിൽ സാൾട്ട്ലേക്കിനെ ഇളക്കിമറിച്ച് മധ്യനിരക്കാരന്റെ വിജയഗോൾ പിറന്നു. ഇന്ത്യൻകുപ്പായത്തിലെ സഹലിന്റെ രണ്ടാംഗോളാണിത്. ബി ഗ്രൂപ്പിൽ ആറ് പോയിന്റാണ് ഇന്ത്യക്കും ഹോങ്കോങ്ങിനും. ഗോൾവ്യത്യാസത്തിൽ ഇന്ത്യ രണ്ടാമതായി. കംബോഡിയയെ മൂന്ന് ഗോളിന് തകർത്താണ് ഹോങ്കോങ് മുന്നേറിയത്.
റാങ്കിങ്ങിൽ 44 പടി താഴെയുള്ള അഫ്ഗാനോട് വിറച്ചാണ് ഇന്ത്യ തുടങ്ങിയത്. നിരവധി അവസരങ്ങൾ തുലച്ചു. കളി സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നവെയാണ് ഛേത്രിയുടെ ഗോളെത്തിയത്. രാജ്യാന്തര മത്സരത്തിലെ 83–-ാംഗോൾ. ലയണൽ മെസിക്ക് ഒപ്പമെത്താൻ മൂന്ന് ഗോൾകൂടി മതി.