ആലപ്പുഴ
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനമായ ചേർത്തല ഓട്ടോകാസ്റ്റിന് 122 കാസ്നബ് ബോഗി നിർമിക്കാൻ കരാർ.
ഇന്ത്യയിലെ എറ്റവും വലിയ വാഗൺ നിർമാണ ശാലയിലൊന്നായ ബംഗാളിലെ ബ്രൈത്ത്വൈറ്റിൽനിന്നാണ് പുതിയ ഓർഡർ. ആദ്യമായാണ് ഒരു വാഗൺ നിർമാണശാലയുടെ കരാർ നേരിട്ട് ലഭിക്കുന്നത്. ഡിസംബറിനകം കൈമാറണം.
10 എണ്ണം അമൃതസറിലേക്ക്
260 ബോഗി നിർമിക്കാനുള്ള കരാറാണ് നിലവിൽ ഓട്ടോകാസ്റ്റിനുള്ളത്. ഉത്തരറെയിൽവേയ്ക്കുവേണ്ടി നിർമിച്ച 10 ബോഗി ശനിയാഴ്ച അമൃതസറിലേക്ക് കൊണ്ടുപോകും. ചെയർമാൻ അലക്സ് കണ്ണമല ഫ്ലാഗ് ഓഫ് ചെയ്യും. 31 എണ്ണത്തിന്റെ ഓർഡറാണുള്ളത്. അഞ്ചെണ്ണം നേരത്തേ നിർമിച്ചു നൽകി. ദക്ഷിണ റെയിൽവേയ്ക്കുള്ള 94 ബോഗി നിർമാണം പുരോഗമിക്കുന്നുണ്ട്. കിഴക്കൻ മധ്യ റെയൽവേയ്ക്ക് 13 എണ്ണവും നൽകണം. പ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണെന്ന് എംഡി വി കെ പ്രവിരാജ് അറിയിച്ചു.
തുടക്കം 2020ൽ
2020ലാണ് അഞ്ച് ബോഗി നിർമിക്കാനുള്ള കരാർ ഓട്ടോകാസ്റ്റിന് ലഭിച്ചത്. ഇതിന് മുന്നോടിയായി 10 കോടി രൂപ മുടക്കി സ്റ്റീൽ കാസ്റ്റിങ് ലൈൻ, മെഷീൻ ഷോപ് എന്നിവ സ്ഥാപിച്ചു. കഴിഞ്ഞവർഷം മെയ് എട്ടിന് ആദ്യ ബോഗി അമൃതസറിലേക്ക് അയച്ചു.
റെയിൽവേയുടെ അഭിനന്ദനം
കാസ്നബ് ബോഗി നിർമിച്ചതിന് റെയിൽവേ അഭിനന്ദന കത്ത് അയച്ചിരുന്നു. ഉത്തര റെയിൽവേയുടെ അമൃത്സർ സെൻട്രൽ വർക്ക്ഷോപ് അധികൃതരാണ് കാസ്നബ് ബോഗിയുടെ ഗുണനിലവാരം അംഗീകരിച്ച് കത്തയച്ചത്. ചേർത്തലയിൽ നിർമിച്ചവ വിജയകരമായി വാഗണിൽ ഘടിപ്പിച്ചെന്ന് കത്തിൽ പറഞ്ഞു. സോണുകൾക്ക് പുറമേ വാഗൺ ഫാക്ടറിയിൽനിന്ന് നേരിട്ട് ഓർഡർ ലഭിക്കാൻ ഇത് സഹായകമായി.