ന്യൂഡൽഹി
തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നിട്ടും രാഷ്ട്രപതി സ്ഥാനാർഥി ചർച്ചകൾ സജീവമാക്കാതെ എൻഡിഎയും പ്രതിപക്ഷവും. അപ്രതീക്ഷിത സ്ഥാനാർഥിയായിരിക്കും എന്‍ഡിഎ അവതരിപ്പിക്കുക. തലയെടുപ്പുള്ള നേതാക്കളെ രാഷ്ട്രപതി സ്ഥാനത്തേക്ക് കൊണ്ടുവരാൻ മോദിക്കും അമിത് ഷായ്ക്കും താൽപ്പര്യമില്ല. അവഗണിക്കപ്പെട്ട വിഭാഗങ്ങളിൽനിന്നുള്ളവരെ പരിഗണിക്കുന്നുവെന്ന അവകാശവാദം ഉയർത്താൻ ബിജെപിക്ക് കഴിയുന്ന വിധത്തിലുള്ള സ്ഥാനാർഥിനിർണയത്തിനാണ് സാധ്യത. അതോടൊപ്പം സംഘപരിവാർ രാഷ്ട്രീയതാൽപ്പര്യം സംരക്ഷിക്കാനും ശ്രമിക്കും.
പ്രതിപക്ഷത്തിന്റെ സംയുക്തസ്ഥാനാർഥിക്കുള്ള സാധ്യത ഇനിയും തുറന്നിട്ടില്ല. കോൺഗ്രസിനോട് ടിആർഎസ്, തൃണമൂൽ, എഎപി തുടങ്ങിയ കക്ഷികൾ അകലം പുലര്‍ത്തുന്നതാണ് പ്രധാന തടസ്സം. വിവിധ കക്ഷിനേതാക്കളുമായി കോൺഗ്രസ് രാജ്യസഭാ നേതാവ് മല്ലികാർജുൻ ഖാർഗെ ആശയവിനിമയം നടത്തുന്നുണ്ട്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇടതുപക്ഷ നേതാക്കൾ അടക്കമുള്ളവരുമായി ഫോണിൽ സംസാരിച്ചു.