തിരുവനന്തപുരം
നാട്ടിൽ കലാപമുണ്ടാക്കണമെന്ന ലക്ഷ്യത്തോടെ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷും പി സി ജോർജും മുഖ്യമന്ത്രിയടക്കമുള്ളവർക്കെതിരെ നടത്തിയ ഗൂഢാലോചനയിൽ പ്രത്യേകാന്വേഷക സംഘം അന്വേഷണംതുടങ്ങി. കെ ടി ജലീൽ എംഎൽഎയുടെ പരാതിയിൽ കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ എഫ്ഐആർ അടക്കമുള്ള ഫയലുകൾ പ്രത്യേകാന്വേഷക സംഘത്തിലെ ഉദ്യോഗസ്ഥർ ശേഖരിച്ചു. കേസിന്റെ മേൽനോട്ട ചുമതല വഹിക്കുന്ന ക്രൈംബ്രാഞ്ച് എഡിജിപി ഷേഖ് ദർവേഷ് സാഹിബിന്റെ നേതൃത്വത്തിൽ അടുത്തദിവസം യോഗം ചേരും.
വിജിലൻസ് സംഘം കസ്റ്റഡിയിൽ എടുത്ത സ്വർണക്കടത്തുകേസിലെ പ്രതി സരിത്തിന്റെ ഫോൺ വിജിലൻസ് കോടതി ഫോറൻസിക് ലാബിന് കൈമാറി. ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാൻ ഫോൺ ഫോറൻസിക് ലാബിന് കൈമാറണമെന്ന അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ നടപടി. മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധനയിൽ ലഭ്യമായാൽ അത് പ്രത്യേകാന്വേഷക സംഘത്തിന് കൈമാറും.