ന്യൂഡൽഹി
നാല് സംസ്ഥാനത്തെ 16 രാജ്യസഭാ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഫലം വന്ന രാജസ്ഥാനിൽ നാലിൽ മൂന്ന് സീറ്റ് കോൺഗ്രസ് നിലനിർത്തി. മുകുൾ വാസ്നിക്, രൺദീപ് സിങ് സുർജെവാല, പ്രമോദ് തിവാരി എന്നിവരാണ് ജയിച്ചത്. ബിജെപി സ്ഥാനാർഥി ഘൻശ്യാം തിവാരിയും തെരഞ്ഞെടുക്കപ്പെട്ടു. ബിജെപി പിന്തുണച്ച സീന്യൂസ് ചാനൽ ഉടമ സുഭാഷ് ചന്ദ്ര തോറ്റു. കൂറുമാറി വോട്ടുചെയ്ത ധോൽപൂർ എംഎൽഎ ശോഭറാണി ഖുശ്വാഹയെ പുറത്താക്കിയതായി ബിജെപി അറിയിച്ചു. കർണാടകത്തിൽ നാലിൽ മൂന്ന് സീറ്റിൽ ബിജെപിയും ഒരു സീറ്റിൽ കോൺഗ്രസും വിജയിച്ചു. കോൺഗ്രസ് കുതിരക്കച്ചവടം നടത്തിയെന്ന് ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി ആരോപിച്ചു. കോൺഗ്രസിന് കൂറുമാറി വോട്ട് ചെയ്തുവെന്ന് ജെഡിഎസ് എംഎൽഎ കെ ശ്രീനിവാസ ഗൗഡ സമ്മതിച്ചു.
വോട്ടെടുപ്പിൽ ക്രമക്കേട് ആരോപിച്ച് നാല് സംസ്ഥാനത്തും ബിജെപിയും കോൺഗ്രസും തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയതിനാൽ വോട്ടെണ്ണൽ വൈകി. ഹരിയാനയിലേയും മഹാരാഷ്ട്രയിലേയും ഫലം വൈകുന്നു. ഹരിയാനയിലും രാജസ്ഥാനിലും കോൺഗ്രസ് വോട്ടുകൾ ചോർത്താൻ ബിജെപി മാധ്യമ മുതലാളിമാരായ കാർത്തികേയ ശർമയെയും സുഭാഷ് ചന്ദ്രയെയും യഥാക്രമം സ്വതന്ത്രരായി മത്സരിപ്പിച്ചു. മഹാരാഷ്ട്രയിൽ ബിജെപിയും ശിവസേനയും ജയിപ്പിക്കാൻ കഴിയുന്നതിനേക്കാൾ ഓരോ സ്ഥാനാർഥികളെ അധികമായി നിർത്തി. നേരത്തെ 11 സംസ്ഥാനത്തെ 41 ഒഴിവിലേക്ക് സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.