കോതമംഗലം> തട്ടേക്കാടിന്റെ സ്വന്തം പക്ഷി നിരീക്ഷകൻ പക്ഷി എൽദോസ് ഇനി ഓർമ്മ. കാടിനേയും പക്ഷികളെയും നെഞ്ചോട് ചേർത്ത പക്ഷി സ്നേഹിക്ക് തട്ടേക്കാടിന്റെ യാത്രാമൊഴി. പക്ഷികളുടെ ഇഷ്ട തോഴനും വന നിരീക്ഷകനുമായ പുന്നേക്കാട് കൗങ്ങുംപിള്ളിൽ എൽദോസിന്റെ (55) മൃതദേഹം ഭൂതത്താൻകെട്ട് ചാട്ടക്കല്ല് വനഭാഗത്ത് ബുധൻ രാവിലെ കണ്ടെത്തിയത്.
ചൊവ്വാ വൈകുന്നേരം എൽദോസിനെ കാണാനില്ലന്ന് കാണിച്ച് ബന്ധുക്കൾ കോതമംഗലം പൊലീസിൽ പരാതിനൽകിയിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷിച്ച് വരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. വളരെക്കാലമായി തട്ടേക്കാട് പക്ഷിസങ്കേതവുമായി ബന്ധപ്പെട്ട് പക്ഷിനീക്ഷണത്തിൽ സജീവമായിരുന്നു. വിദേശിയർ അടക്കം നിരവധി പക്ഷി നിരീക്ഷകരും ഗവേഷകരുമായി സൗഹൃദം നിലനിർത്തിയിരുന്ന എൽദോസ്, പലവട്ടം മാധ്യവാർത്തകളിലും ഇടംപിടിച്ചിരുന്നു.
തട്ടേക്കാട് പക്ഷിസങ്കേത്തെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവും ഇവിടുത്തെ പക്ഷികളെക്കുറിച്ചും അവയുടെ ആവാസവ്യവസ്ഥയെക്കുറിച്ചും മറ്റുമുള്ള കൃത്യമായ പഠനവും ഇതുവഴി ലഭിച്ച അറിവുകളുമെല്ലാം മാധ്യമങ്ങളിൽ പങ്കിട്ട് ശ്രദ്ധ നേടിയിരുന്നു. പക്ഷികളുടെ പിന്നാലെ നേരവും കാലവുമില്ലാതെയുള്ള നടപ്പ് കണ്ട് നാട്ടുകാർ നൽകിയ അംഗീകാരമാണ് പേരിനൊപ്പമുള്ള ‘പക്ഷി’ എന്ന പേര്.
ഇടക്കാലത്ത് തട്ടേക്കാട് പക്ഷിസങ്കേതത്തിനടുത്ത് റിസോർട്ട് ആരംഭിച്ചിരുന്നു.ഇത് വിജയമായില്ല. തുടർന്ന് കൃഷിയിലേക്ക് തിരിഞ്ഞങ്കിലും പരാജയമായിരുന്നു .