തിരുവനന്തപുരം> നുണപ്രചരണങ്ങൾ നടത്തുന്നവർ ആ വഴിക്ക് പോകുമെന്നും ജനം സർക്കാരിനൊപ്പമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സെക്രട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ (കെഎസ്ഇഎ) വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സർക്കാരിന് നല്ല യശസ് നേടാനായിട്ടുണ്ട്. അതൊരു പൊങ്ങച്ചം പറച്ചിലല്ല. മഹാപ്രളയത്തിന്റെ കുത്തൊഴുക്കിനെ കവച്ചുവെക്കുന്ന രീതിയിലായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള നുണപ്രചരണം. ആപത്ഘട്ടങ്ങളിൽ തങ്ങൾക്കൊപ്പം നിന്ന സർക്കാരാണിതെന്ന് ജനം നെഞ്ചുതൊട്ട് പറഞ്ഞു. അതാണ് എൽഡിഎഫിനെ വീണ്ടും അധികാരത്തിലേറ്റിയത്.
അതേനയമാണ് സർക്കാർ തുടരുന്നത്. നുണപ്രചാരണം നടത്തുന്നവർ പല രീതിയിൽ അത് തുടരും. ജനങ്ങൾക്ക് അവരാഗ്രഹിക്കുന്ന രീതിയിൽ നീതി ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.