കോഴിക്കോട്> സ്വർണക്കടത്ത് കേസിലെ പ്രതി ബിരിയാണി ചെമ്പിൽ വേവിച്ചെടുത്ത പച്ചക്കള്ളങ്ങൾ അപ്പടി വിഴുങ്ങി, രാഷ്ട്രീയ മുതലെടുപ്പ് നടത്താമെന്ന് വ്യാമോഹിക്കുന്ന പ്രതിപക്ഷത്തിന്റേത് നാണംകെട്ട, അറുവഷളൻ രാഷ്ട്രീയമാണെന്ന് ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിലും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും അഭിപ്രായപ്പെട്ടു.
പ്രവാചകനിന്ദയുടെ പേരിൽ ബി.ജെ.പിയും മോദി സർക്കാറും അന്താരാഷ്ട്രതലത്തിൽ പ്രതിസന്ധിയിലകപ്പെടുകയും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ തെരഞ്ഞെടുപ്പ് കോഴക്കേസിൽ ജാമ്യമില്ലാ കുറ്റം ചുമത്തപ്പെടുകയും ചെയ്ത പശ്ചാത്തലത്തിൽ സ്വപ്നയെ ഉപയോഗിച്ച് ശ്രദ്ധ മറ്റൊരു വഴിക്ക് തിരിച്ചുവിടാൻ സംഘപരിവാർ നേതൃത്വം നടത്തിയ ഗൂഢാലോചനക്ക് പിറകെ വി ഡി സതീശനും കെ. സുധാകരനും പി കെ കുഞ്ഞാലിക്കുട്ടിയുമൊക്കെ പോകുന്നത് അവരുടെ രാഷ്ട്രീയ പാപ്പരത്തമാണ് തുറന്നുകാട്ടുന്നത്.
സ്വപ്ന ആരാണെന്നും അവരുടെ വാക്കുകൾക്ക് എന്തുമാത്രം വിശ്വാസ്യതയുണ്ടെന്നും ജനത്തിന് നന്നായി അറിയാം. ആർ.എസ്.എസിന്റെ കീഴിലുള്ള ഒരു എൻജിഒയിൽ ജോലി തരപ്പെടുത്തിക്കൊടുത്തതിനുള്ള പ്രത്യുപകാരമാണ് സ്വപ്ന കാണിച്ചത്. പണത്തിനും പദവിക്കും വേണ്ടി എന്തും വിളിച്ചുപറയാൻ തയാറുള്ള ഒരു സ്ത്രീയെ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗപ്പെടുത്താമെന്നാണ് വിചാരമെങ്കിൽ തങ്ങൾ സ്വയം നാറുമെന്ന് യുഡിഎഫ് നേതാക്കൾ മനസ്സിലാക്കണമെന്ന് നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.