കൊച്ചി> കെഎസ്ആർടിസി ജീവനക്കാർക്ക് എത്രയും വേഗം ശമ്പളം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. ഓപ്പറേറ്റിഗ് സ്റ്റാഫിന് ശമ്പളം ആദ്യം ശമ്പളം നൽകാനും കോടതി നിർദേശിച്ചു. ഓഫിസർമാർക്കും സൂപ്പർവൈസർമാർക്കും ആദ്യം ശമ്പളം നൽകുന്നത് തടയണമെന്ന ഏതാനും ഡ്രൈവർമാരുടെ ഹർജി അനുവദിച്ചാണ് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ്റെ ഉത്തരവ്.
ഡ്രൈവർ- കണ്ടക്ടർ- മെക്കാനിക് തസ്തികകളിലുള്ളവർക്ക് ശമ്പളം നൽകുന്നില്ലെന്നും ഓഫീസർമാർക്കും സൂപ്പർവൈസർമാർക്കും കൃത്യമായി ശമ്പളം നൽകുകയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. കോർപ്പറേഷൻ്റെ ആസ്തികളും ബാധ്യതയും സംബന്ധിച്ച് വ്യക്തമായ വിശദീകരണം നൽകാനും നിർദേശിച്ചു. എത്ര നാൾ ശമ്പളം കൊടുക്കാതെ മുന്നോട് പോകാനാവുമെന്ന് കോടതി ആരാഞ്ഞു.
30 കോടി സർക്കാർ നൽകിയിട്ട് ഈ മാസം എന്തുകൊണ്ട് ഇതു വരെ ശബളം കൊടുത്തില്ല. ജീവനക്കാർക്ക് ശമ്പളം കൊടുത്തിട്ട് മറ്റുള്ളവർക്ക് കെടുത്താൽ മതി. ക്ഷേമ രാഷ്ടമാണിത്. ജീവനക്കാർക്ക് ജീവിക്കണം. കുട്ടികളെ പഠിപ്പിക്കണം. രണ്ട് മാസം ശമ്പളം കിട്ടാതെ എങ്ങനെ പണിയെടുക്കും. ആർക്കും ഉത്തരവാദിത്തം ഇല്ല. വിഷയം സർക്കാർ ഗൗരവത്തിലെടുക്കണം. പെൻഷനും ശമ്പളവും കൊടുക്കാൻ ലോണെടുത്ത് ഒരു സ്ഥാപനം എങ്ങനെ മുന്നോട്ട് പോകുമെന്ന് കോടതി ആരാഞു. അനധികൃത അവധിയാണ് പ്രശ്നമെന്ന് കോർപ്പറേഷൻ ചൂണ്ടിക്കാട്ടി. കേസ് രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാനായി മാറ്റി.