മനാമ> മുഹമ്മദ് നബിക്കെതിരെ ബിജെപി വക്താവ് നടത്തിയ അധിക്ഷേപ പ്രസ്താവനയിൽ അറബ് രാജ്യങ്ങളിൽ പ്രതിഷേധം തുടരുന്നു. ഖത്തറിനും കുവൈത്തിനും ഇറാനും പിന്നാലെ സൗദിയും ഒമാനും ബഹ്റൈനും പ്രസ്താവനയ്ക്കെതിരെ രംഗത്തുവന്നു. ഒഐസിയും ജിസിസി സെക്രട്ടറി ജനറലും പ്രസ്താവനയെ അപലപിച്ചു.
ബിജെപിയുടെ വക്താവ് പ്രവാചകനെതിരെ നടത്തിയ പ്രസ്താവനകളെ അപലപിക്കുകയും തള്ളുകയും ചെയ്യുന്നതായി ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) സെട്ട്രറി ജനറൽ ഡോ. നായിഫ് അൽ ഹജ്റഫ് പറഞ്ഞു. പ്രകോപനമുണ്ടാക്കുന്ന നിലപാടുകളോ മതങ്ങളെയും വിശ്വാസങ്ങളെയും ലക്ഷ്യവെക്കുന്നതിനെ തിരസ്ക്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 57 അംഗ രാജ്യങ്ങളുടെ കൂട്ടായ്മയായ ജിദ്ദ ആസ്ഥാനമായുള്ള ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷനും (ഒഐസി) പ്രസ്താവനക്കെതിനെ ശക്തമായി രംഗത്തുവന്നു. ഇന്ത്യയിൽ ഇസ്ലാമിനോടുള്ള വിദ്വേഷവും നിന്ദയും തീവ്രമാകുന്നതിന്റെയും മുസ്ലിംകൾക്കെതിരായ വ്യവസ്ഥാപിത നടപടികളും വിവേചനപരമായ നിയന്ത്രണങ്ങളും ഉണ്ടാകുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഇത്തരം അധിക്ഷേപങ്ങൾ വരുന്നതെന്ന് ഒഐസി കുറ്റപ്പെടുത്തി.
എല്ലാത്തരം അധിക്ഷേപങ്ങളെയും നേരിടാൻ ഇന്ത്യൻ ഭരണകൂടം ശക്തമായ നടപടി സ്വീകരിക്കണം. മുസ്ലീംങ്ങൾക്കെതിരായ വിദേശ കുറ്റകൃത്യങ്ങൾ നടത്തുന്നവരെയും അതിന് പ്രേരിപ്പിക്കുന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് നടപടി സ്വീകരിക്കണം. ഇന്ത്യയിലെ മുസ്ലീം സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാനും അവരുടെ അവകാശങ്ങൾ, മതപരവും സാംസ്കാരികവുമായി വ്യക്തിത്വം, അന്തസ്സ്, ആരാധനാലയങ്ങൾ എന്നിവ സംരക്ഷിക്കാനും സർക്കാർ ജാഗ്രത കാണിക്കണം. ഇന്ത്യയിൽ മുസ്ലീങ്ങ്െള ലക്ഷ്യമിടുന്ന പ്രവർത്തനങ്ങൾക്കെതിരെ ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ ഐക്യരാഷ്ട്ര സഭയോട് ആവശ്യപ്പെടുന്നതായും പ്രസ്താവനയിൽ അറിയിച്ചു.
22 അറബ് രാജ്യങ്ങളുടെ കൂട്ടായ്മയായ അറബ് ലീഗും ബിജെപി വക്താക്കളുടെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ചു. പ്രശ്നത്തിൽ നടപടി വേണമെന്നും മുസ്ലീങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അറബ് ലീഗ് ആവശ്യപ്പെട്ടു. അപകീർത്തികരമായ പ്രസ്താവനതിൽ മുസ്ലീം വേൾഡ് ലീഗ് (റാബിത്വ) ശക്തമായി അപലിപിച്ചു. മതചിഹ്നങ്ങളെ അവഹേളിക്കുന്നത് ഉൾപ്പെടെയുള്ള വിദേശ്വശം ഉണർത്തുന്ന രതീകളിലുള്ള പ്രസ്താവനകൾ അപകടമാണെന്ന് സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ അബ്ദുൽ കരീം ജിദ്ദയിൽ പ്രസ്താവനയിൽ അറിയിച്ചു. വക്താക്കളെ തൽസ്ഥാനത്തുനിന്ന് നീക്കിയ നടപടിയെ സ്വാഗതം ചെയ്യുന്നതായും അറിയിച്ചു. ബിജെപി വക്താവിന്റെ പ്രവാചക നിന്ദയെ ഇരുഹറം കാര്യാലയം അപലപിച്ചു. ഇത്തരം ഹീന പ്രവൃത്തികൾ മതങ്ങളോടുള്ള ബഹുമാനത്തെ പ്രതിനിധീകരിക്കുന്നതല്ലെന്നും പ്രസ്താവനയിൽ പറഞ്ഞു.
സാമൂഹ്യ മാധ്യമങ്ങളിലും അറബ് ലോകത്ത് പ്രതിഷേധം തുടരുകയാണ്. ഇന്ത്യൻ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കണമെന്നുള്ള ആഹ്വാനങ്ങളും ഉയർന്നിട്ടുണ്ട്.
ഒമാൻ
ഇന്ത്യയിലെ ഭരണ കക്ഷിയായ ബി.ജെ.പിയുടെ വക്താവ് ഇസ്ലാമിനും പ്രവാചകനുമെതിരെ നടത്തിയ പരാമർഷത്തിൽ ഒമാൻ അപലപിച്ചു. ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരങുമായി ഡിപ്ലോമാറ്റിക് അഫയേഴ്സ് ഫോറിൻ അഫയേഴ്സ് അണ്ടർ സെക്രട്ടറി ഷെയ്ഖ് ഖലീഫ ബിൻ അലി അൽ ഹാർത്തി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രതിഷേധമറിയിച്ചത്.
പ്രവാച നിന്ദക്കെതിരെ പ്രതികരണവുമായി ഒമാൻ ഗ്രാൻഡ് മുഫ്തി ശൈഖ് അഹമ്മദ് അൽ ഖലീലിയും കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ഇന്ത്യഭരിക്കുന്ന പാർട്ടിയുടെ വക്താവ് പ്രവാചകനും പ്രിയ പതിനിക്കുമെതിരെ നടത്തിയത് ധിക്കാരപരവും അശ്ലീലപരവുമായ പരാമർശം ലോകത്തുള്ള ഓരോ മുസ്ലിംകൾക്കക്കെതിരെയുള്ള യുദ്ധ പ്രഖ്യാപനമാണെന്നായിരുന്നു അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.
സൗദി
ബിജെപി വക്താവ് നടത്തിയ അപകീത്തികരമായ പരാമർശങ്ങളെ സൗദി അറേബ്യ അപലപിച്ചു. ഇസ്ലാമിന്റെ മാത്രമല്ല, ഏതു മതത്തിന്റെയും ചിഹ്നങ്ങൾക്കും വ്യക്തികൾക്കുമെതിരായ മുൻവിധികളെ സൗദി നിരാകരിക്കുന്നതായി വിദേശ മന്ത്രാലയത്തെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജൻസിയായ എസ്പിഎ റിപ്പോർട്ട് ചെയ്തു. എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കണമെന്ന സൗദിയുടെ നിലപാട് ആവർത്തിച്ച മന്ത്രാലം വക്താക്കൾക്കെതിരെ സ്വീകരിച്ച നടപടികളെ സ്വാഗതം ചെയ്തു.
മതവികാരം വ്രണപ്പെടുത്താനും മതവിദ്വേഷം വളർത്താനുമുള്ള ശ്രമങ്ങളെ അപലപിക്കേണ്ടതിന്റെ ആവശ്യകത ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു. അപമാനകരമായ അഭിപ്രായങ്ങളുടെ പേരിൽ വക്താവിനെ സസ്പെൻഡ് ചെയ്യാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്തു. ഖത്തറും കുവൈത്തും ഇന്ത്യൻ അംബാസഡർമാരെ വിളിച്ചുവരുത്തി ഞായറാഴ്ച പ്രതിഷേധം അറിയിച്ചിരുന്നു. അപകീർത്തി പരാമർശത്തിൽ ഇന്ത്യൻ സർക്കാർ പരസ്യമായി മാപ്പുപറയുമെന്നാണ് ഖത്തറിന്റെയും കുവൈ്ത്തിന്റെയും നിലപാട്.