കൊച്ചി> സ്കൂൾപ്രവേശനത്തിലെ തട്ടിപ്പ് തടയാൻ കേരള വിദ്യാഭ്യാസ ചട്ടത്തിൽ സർക്കാർകൊണ്ടുവന്ന ഭേദഗതികൾ ഹൈക്കോടതി ഒരുമാസത്തേക്ക് സ്റ്റേ ചെയ്തു. വിശദമായ എതിർസത്യവാങ്മൂലം സമർപ്പിക്കാൻകോടതി സർക്കാരിന് നിർദേശം നൽകി. ഒരുകൂട്ടം എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകൾ സമർപ്പിച്ച ഹർജികൾ പരിഗണിച്ചാണ് ജസ്റ്റിസ് രാജാ വിജയരാഘവന്റെ ഉത്തരവ്.
സ്കൂളുകളിൽ വ്യാജപ്രവേശനം തടയുന്നതിന്റെ ഭാഗമായാണ് സർക്കാർ ദേദഗതികൾ കൊണ്ടുവന്നത്. അവധി അപേക്ഷ നൽകാതെ തുടർച്ചയായി 15 ദിവസം സ്കൂളിൽ എത്താത്ത വിദ്യാർഥികളുടെ വിശദവിവരങ്ങൾ ടീച്ചർമാർ ഹെഡ്മാസ്റ്റർക്കും മാനേജർക്കും റിപ്പോർട്ട് ചെയ്യണമെന്നും വിവരങ്ങൾ അടിയന്തരമായി അധികൃതരെയും അറിയിക്കണമെന്നും മറ്റുമാണ് ഭേദഗതി വ്യവസ്ഥകൾ. സർക്കാർനടപടി സ്കൂളിന്റെ പ്രവർത്തനത്തേയും ടീച്ചർമാരുടെ നിയമനത്തേയും ബാധിക്കുമെന്ന് ആരോപിച്ചാണ് ഹർജികൾ.