ധർമടം> സേവന നിഷേധത്തിനായി സർക്കാർ ഉദ്യോഗസ്ഥർ നിയമം ദുർവ്യാഖ്യാനിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഉദ്യോഗസ്ഥർക്ക് ജനങ്ങളോടാണ് പക്ഷപാതമുണ്ടാകേണ്ടത്. ഓഫീസുകളുടെ പ്രവർത്തനം ആളുകളെ പ്രയാസപ്പെടുത്താനാകരുത്. ധർമടം സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
താഴെത്തലം മുതൽ ഉയർന്ന തലംവരെയുള്ള ഏത് ഉദ്യോഗസ്ഥന്റെയും കടമ ജനങ്ങൾക്ക് സേവനം നൽകുകയാണ്. നിഷേധ നിലപാട് അംഗീകരിക്കില്ല. കെട്ടിക്കിടക്കുന്ന ഫയൽ സമയബന്ധിതമായി പൂർത്തിയാക്കണം. ചില ഉദ്യോഗസ്ഥർ ബോധപൂർവം വൈകിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് സർക്കാർ അതീവ ഗൗരവമായാണ് കാണുന്നത്. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ചില ശീലങ്ങൾ ഉപേക്ഷിക്കാൻ തയാറാകാതെ വലിയ മോഹത്തോടെ നടന്നാൽ ഉള്ളതും പോകുമെന്ന് ഓർമ വേണം.
എല്ലാ മേഖലയും കൂടുതൽ ജനസൗഹൃദമാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഒരു സേവനത്തിനും കാലതാമസമുണ്ടാകരുത്. അതിവേഗം കാര്യങ്ങൾ തീർപ്പാക്കുന്നതിനാണ് സർക്കാർ ഓഫീസുകൾ സ്മാർട്ടാക്കുന്നത്. 805 സേവനം ഓൺലൈനാക്കി. സെക്രട്ടറിയറ്റിൽ കെട്ടിക്കിടക്കുന്ന ഫയൽ മന്ത്രിമാരുടെ നേതൃത്വത്തിൽ സമയബന്ധിതമായി തീർപ്പാക്കും. വകുപ്പ് സെക്രട്ടറിമാർക്കാണ് ചുമതല. ജില്ലകളിൽ കെട്ടിക്കിടക്കുന്ന ഫയലുകളുടെ കാര്യം ചുമതലയുള്ള മന്ത്രിയുടെ സാന്നിധ്യത്തിൽ യോഗംചേർന്ന് പരിശോധിക്കും. കലക്ടറുടെ നേതൃത്വത്തിൽ തീർപ്പുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.