തിരുവനന്തപുരം> പാർട്ടിമാറുന്നതിനായി ബിജെപി സ്ഥാനമാനങ്ങൾ ഓഫർ നൽകിയെന്ന കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് ജോണി നെല്ലൂരിന്റെ ശബ്ദ രേഖപുറത്ത്. യുഡിഎഫ് സെക്രട്ടറി കൂടിയായ ജോണി നെല്ലൂർ, കേരള കോൺഗ്രസ് എം നേതാവ് എ എച്ച് ഹാഫിസുമായി നടത്തിയ ഫോൺ സംഭാഷണമാണ് മാധ്യമങ്ങൾ പുറത്ത് വിട്ടത്.
ന്യൂനപക്ഷ വികസന കോർപ്പറേഷൻ, സ്പൈസസ് ബോർഡ്, കോഫി ബോർഡ് എന്നീ പദവികൾ തനിക്ക് വാഗ്ദാനം നൽകിയെന്നും എന്നാൽ ബിജെപിയിലേക്ക് പോകാൻ താൽപര്യമില്ലെന്നും ജോണി നെല്ലൂരിന്റേതെന്ന പേരിൽ പ്രചരിക്കുന്ന ശബ്ദരേഖയിൽ പറയുന്നു. പദവിയും സ്റ്റേറ്റ് കാറും തന്നാൽ താൻ എൽഡിഎഫിലേക്ക് വരാമെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നു. എൽഡിഎഫിൽ ചേരാൻ കോർപ്പറേഷൻ ചെയർമാൻ സ്ഥാനവും കാറും മതിയെന്നാണ് ആവശ്യം.
അതേസമയം ശബ്ദരേഖ തന്റെത് അല്ലെന്നും യുഡിഎഫിൽ ഉറച്ച് നിൽക്കുമെന്നും ജോണി നെല്ലൂർ വ്യക്തമാക്കി. പ്രചരിക്കുന്നത് കെട്ടിച്ചമച്ച ശബ്ദരേഖയാണെന്നും അദ്ദേഹം പറയുന്നു. എന്നാൽ കഴിഞ്ഞ ദിവസം രാത്രി പത്തേമുക്കാലോടെ ജോണി നെല്ലൂർ തന്നെ ഇങ്ങോട്ട് വിളിച്ച് നടത്തിയ ഫോൺ സംഭാഷണമാണിതെന്ന് എ എച്ച് ഹാഫിസും മാധ്യമങ്ങളോട് പ്രതികരിച്ചു.