കൊച്ചി> തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫ് നല്ല ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് കെ വി തോമസ്. പോളിങ് കുറഞ്ഞത് എൽഡിഎഫിന് ഗുണമാകും. സ്ഥിരം രാഷ്ട്രീയക്കാർ വരുന്നതിന് പകരം പ്രൊഫഷണൽ വരട്ടേ എന്നാണ് പലരും ജോ ജോസഫിന് വോട്ടു ചെയ്തശേഷം അഭിപ്രായപ്പെട്ടത്. അത്തരത്തിലൊരു അനുകൂല തരംഗം ഡോ. ജോ ജോസഫിന് ഉണ്ട്. ജോ കംഫർട്ടബിൾ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫ് അതീവശ്രദ്ധയോടെയാണ് തിരഞ്ഞെടുപ്പു പ്രവർത്തനം നടത്തിയത്. തനൊക്കെ മത്സരിച്ചിരുന്ന കാലത്ത് പോളിങ് ശതമാനം കൂടിയാൽ അത് കോൺഗ്രസിന് അനുകൂലമാണെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. ഇന്ന് അതൊക്കെ മാറി. പോളിങ് ശതമാനത്തിന്റെ കുറവും കൂടുതലും നോക്കി ആര് വിജയിക്കുമെന്ന പ്രവചനം അത്ര എളുപ്പമല്ല. തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ കൂടുതൽ പേർ കോൺഗ്രസ് വിട്ട് സി പി എമ്മിലെത്തുമെന്നും കെ വി തോമസ് കൂട്ടിചേർത്തു.
കോൺഗ്രസിലെ ആഭ്യന്തരവിഷയങ്ങൾ തെരഞ്ഞെടുപ്പിനെ സാരമായി ബാധിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവിന്റെ ഏകപക്ഷീയമായ സമീപനമാണ്. ഉമാ തോമസ് തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടിയിരുന്നില്ലെന്നും പി.ടിയുടെ നിലപാടുകൾക്ക് വിരുദ്ധമാണ് ഉമയുടെ സ്ഥാനാർഥിത്വമെന്നും തോമസ് പറഞ്ഞു.