അബുദാബി> അബുദാബിയിൽ ഇന്ന് മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് ബാഗുകളുടെ നിരോധനം പ്രാബല്യത്തിൽ വരും. പൊതുജനങ്ങൾക്ക് സാധനസാമഗ്രികൾ വാങ്ങിക്കുന്നതിനും ഇടപാടുകൾ നടത്തുന്നതിനും പരിസ്ഥിതി സൗഹൃദപരവുമായ ബദൽ സംവിധാനങ്ങളുമായി തയ്യാറായിരിക്കുകയാണ് അബുദാബിയിലെ സ്ഥാപനങ്ങൾ.
നിരോധനം പ്രാബല്യത്തിലാകുന്നതിനു മുമ്പ് തന്നെ ചെറുതും വലുതമായ സൂപ്പർമാർക്കറ്റുകളിലും ഹൈപ്പർമാർക്കറ്റുകളിലും പകരം സംവിധാനം നിലവിൽ വന്നു കഴിഞ്ഞു.
അബുദാബിയിലെ ഏറ്റവും വലിയ വ്യാപാര ശൃംഖലയായ ലുലു ഇന്റർനാഷണൽ ഗ്രൂപ്പ് ഒറ്റത്തവണ ഉപയോഗിക്കാവുന്ന ബാഗുകൾക്ക് പകരം പുനരുപയോഗിക്കാവുന്ന ബാഗുകൾ കഴിഞ്ഞ ദിവസം വിതരണം ചെയ്തിരുന്നു. ഇതിന്റെ ഔദ്യോഗിക വിതരണോദ്ഘാടനം പ്രമുഖ ചാനൽ അവതാരകൻ മിഥുൻ രമേശ് നിർവ്വഹിച്ചു.
ചണച്ചെടിയിൽ നിന്നും നിർമ്മിച്ച പ്രകൃതി ദത്തമായ ചണ ബാഗുകൾ 7.5 ദിർഹമിനും ധാന്യം, ഗോതമ്പ്, അന്നജം എന്നിവയിൽ നിന്നും നിർമ്മിച്ച ബയോഡീഗ്രെഡബിൾ ബാഗുകൾ 2.5 ദിർഹമിനും ലുലു മാർക്കറ്റുകളിൽ ലഭിക്കും. ഫംഗസ് അല്ലെങ്കിൽ ബാക്ടീരിയ പോലുള്ള ജീവജാലങ്ങൾക്ക് ബയോഡീഗ്രെഡബിൾ ബാഗുകൾ നശിപ്പിക്കാൻ കഴിയും.നൂറു ശതമാനം കോട്ടൺ, ആന്റി ബാക്റ്റീരിയൽ, റീസൈക്കിൾ ചെയ്യാവുന്ന വസ്തുക്കൾ എന്നിവ ഉപയോഗിച്ച് നിർമ്മിച്ച വർഷങ്ങളോളം ഉപയ്ഗിക്കാവുന്ന തുണി സഞ്ചികളും ഉടൻ വിപണികളിൽ ലഭ്യമാക്കുമെന്ന് ലുലു ഗ്രൂപ്പ് അധികൃതർ അറിയിച്ചു.
അബുദാബിയിലെ ഫാർമസികളിൽ നിലവിൽ പുനരുപയോഗിക്കാവുന്ന പേപ്പർ ബാഗുകൾ നിലവിൽ വന്നു കഴിഞ്ഞു. ഉപായോഗശൂന്യമായ പത്രങ്ങൾ ഉൾപ്പെടെയുള്ള പേപ്പറുകൾ ഉപയോഗിച്ചാണ് ഇവ നിർമിച്ചിരിക്കുന്നത്.മലിനീകരണം കുറച്ച് കാലാവസ്ഥ വ്യതിയാനം നേരിടുക, സുസ്ഥിരത പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് പ്ലാസ്റ്റിക് നിരോധനത്തിന് പിന്നിലുള്ളത്.സംയോജിത മാലിന്യ സംസ്കരണത്തിനായി അബുദാബി പരിസ്ഥിതി ഏജൻസി അടുത്തിടെ പുതിയ നിയമം പുറത്തിറക്കിയിരുന്നു. ഏജൻസിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ അംഗീകാരം നൽകിയതാണ് നിയമം