വെംബ്ലി> ലോകകപ്പിന് മുമ്പൊരു വമ്പൻ പോരാട്ടത്തിന് ഫുട്ബോൾ ലോകം സാക്ഷിയാകുന്നു. ലാറ്റിനമേരിക്കയിലെയും യൂറോപ്പിലെയും ചാമ്പ്യൻമാർ ഏറ്റുമുട്ടുന്ന ‘ഫെെനലിസിമ’ കപ്പിൽ ഇന്ന് അർജന്റീനയും ഇറ്റലിയും മുഖാമുഖമെത്തും. ഇന്ത്യൻ സമയം രാത്രി 12.15നാണ് കളി.
ലയണൽ മെസി നയിക്കുന്ന അർജന്റീനയ്ക്ക് ലോകകപ്പിനുമുമ്പ് യൂറോപ്യൻ ശക്തികളുമായി ഏറ്റുമുട്ടാനുള്ള അവസരമാണിത്. ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ പുറത്തായ ഇറ്റലിയാകട്ടെ ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള ശ്രമത്തിലും. ഇറ്റലിയുടെ പ്രതിരോധക്കാരൻ ജോർജിയോ കില്ലെനിക്ക് ദേശീയ കുപ്പായത്തിലെ അവസാനമത്സരമാണിന്ന്.
ഇരുടീമും കരുത്തുറ്റ നിരയെ ഇറക്കും.അർജന്റീന ടീമിൽ മെസിയെ കൂടാതെ എയ്ഞ്ചൽ ഡി മരിയ, ലൗതാരോ മാർട്ടിനെസ്, റോഡ്രിഗോ ഡി പോൾ, ക്രിസ്റ്റ്യൻ റൊമേറോ എന്നീ പ്രധാന താരങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. *സ്പെയ്നിലെ ബിൽബാവോയിൽവച്ചായിരുന്നു ടീമിന്റെ പരിശീലനം. 15,000 കാണികളാണ് പരിശീലനം കാണാനെത്തിയത്.
കഴിഞ്ഞവർഷം നടന്ന കോപ അമേരിക്കയിൽ ബ്രസീലിനെ ഒരു ഗോളിന് തോൽപ്പിച്ചാണ് അർജന്റീന ലാറ്റിനമേരിക്കൻ കിരീടം നേടിയത്.
ഇറ്റലി യൂറോ ഫെെനലിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ചു. ഇറ്റലിക്ക് പക്ഷേ, ലോകകപ്പിന് യോഗ്യത നേടാനാകത്തത് തിരിച്ചടിയായി. ജോർജീന്യോ, ലിയനാർഡോ ബൊനൂഷി, മാർകോ വെറാട്ടി തുടങ്ങിയ പ്രധാന താരങ്ങളെല്ലാം ഇന്ന് ഇറ്റലിക്കുവേണ്ടി കളിക്കാനിറങ്ങും. ഇതിനുമുമ്പ് രണ്ടുതവണയാണ് ലാറ്റിനമേരിക്കൻ ചാമ്പ്യൻമാരും യൂറോപ്യൻ ചാമ്പ്യൻമാരും ഏറ്റുമുട്ടിയിട്ടുള്ളത്. 1985ൽ ഫ്രാൻസ് ഉറുഗ്വേയെും 1993ൽ അർജന്റീന ഡെൻമാർക്കിനെയും തോൽപ്പിച്ചു.