ന്യൂഡൽഹി> കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വിക്കും എം ജെ അക്ബറിനും സയ്യദ് സഫർ ഇസ്ലാമിനും രാജ്യസഭാ സീറ്റ് നിഷേധിച്ചതോടെ പാർലമെന്റിൽ ഭരണകക്ഷിയായ ബിജെപിക്ക് മുസ്ലിംവിഭാഗത്തിൽനിന്ന് ഒരു എംപിപോലുമില്ലാത്ത സാഹചര്യമൊരുങ്ങുന്നു.
ഈ എംപിമാരുടെയും കാലാവധി ജൂൺ–- ജൂലൈ മാസങ്ങളിൽ അവസാനിക്കും. 57 രാജ്യസഭാ സീറ്റിലേക്ക് ജൂൺ പത്തിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ 22 സ്ഥാനാർഥികളെ പ്രഖ്യാപിച്ച ബിജെപി ഇവർക്കാർക്കും ഒരവസരംകൂടി നൽകിയിട്ടില്ല. ജൂലൈ ഏഴിനാണ് നഖ്വിയുടെ കാലാവധി കഴിയുന്നത്. അതുകഴിഞ്ഞ് ആറു മാസത്തിനുള്ളിൽ എംപിയായി തെരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ മന്ത്രിസ്ഥാനം നഷ്ടമാകും.
അതേസമയം, യുപിയിൽ അസംഗഢ്, രാംപുർ ലോക്സഭാ മണ്ഡലങ്ങളിലേക്ക് ജൂൺ 23ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ നഖ്വി സ്ഥാനാർഥിയാകുമെന്ന് സൂചനയുണ്ട്. ബിജെപിക്ക് നിലവിൽ ലോക്സഭയിൽ മുസ്ലിം വിഭാഗത്തിൽനിന്ന് എംപി ഇല്ല.