കൊച്ചി > തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥിയെ അപകീർത്തിപ്പെടുത്താൻ യുഡിഎഫ് അങ്ങേയറ്റം മോശമായ രീതി ഉപയോഗിച്ചു എന്നതിന് തെളിവാണ് ഇപ്പോഴത്തെ അറസ്റ്റ് എന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. യുഡിഎഫിന്റെ സൈബർ വിഭാഗത്തിന്റെ നേതാവായി വി ഡി സതീശൻ അധ:പതിച്ചതായി ഡിവൈഎഫ്ഐ നേരത്തെ പറഞ്ഞതിന് അടിവരയിടുന്നതാണ് ഈ അറസ്റ്റെന്നും സനോജ് പറഞ്ഞു. കൊച്ചിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യാജ വീഡിയോ ഏതോ ഒരു യുഡിഎഫുകാരൻ വെറുതെ ചമച്ചതലല്ല. സതീശന്റെയും സുധാകരന്റെയും ഗൂഢാലോചനയിൽ നിർമ്മിച്ചെടുത്ത വീഡിയോ ആസൂത്രിതമായി പ്രചരിപ്പിക്കുകയാണ് യുഡിഎഫ് ചെയ്തത്. അറസ്റ്റ് ചെയ്ത ആൾ ലീഗ് പ്രവർത്തകൻ മാത്രമല്ല യുഡിഎഫിന്റെ സൈബർ വിഭാഗവുമായി ചേർന്ന് പ്രവർത്തിക്കുന്ന ആളാണണെന്നാണ് തെളിഞ്ഞത്. അതിനാൽ കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ജനങ്ങളോട് മാപ്പുപറയണം. സാംസ്കാരിക കേരളത്തിനാകെ അപമാനമുണ്ടാക്കുന്ന പ്രവർത്തിയായിപോയി കോൺഗ്രസിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. പ്രതിപക്ഷ നേതാവിന് രാഷ്ട്രീയ സത്യസന്ധതയുണ്ടെങ്കിൽ ഇനിയെങ്കിലും സംഭവത്തെ അപലപിക്കാൻ അദ്ദേഹം തയ്യാറാകണമെന്നും സനോജ് പറഞ്ഞു.