കൊച്ചി > തൃക്കാക്കര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിന്റേതെന്ന പേരിൽ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് അരൂക്കുറ്റി മണ്ഡലം പ്രസിഡന്റ് നൗഫൽ മുളക്കൻ ആണ് അറസ്റ്റിലായത്. വീഡിയോ അപ്ലോഡ് ചെയ്ത കോട്ടക്കൽ ഇന്ത്യനൂർ സ്വദേശി അബ്ദുള്‍ ലത്തീഫ് രാവിലെ പിടിയിലായിരുന്നു. കോട്ടക്കൽ മുൻസിപ്പാലിറ്റിയിലെ മുസ്ലിംലീഗിന്റെ സജീവ പ്രവർത്തകനും ക്രിമിനലുമാണ് അബ്ദുള്‍ ലത്തീഫ്.
നൗഫൽ മുളക്കൻ, അബ്ദുൾ ലത്തീഫ് (ചുവന്ന വൃത്തത്തിൽ)
2002ൽ കോട്ടക്കൽ പറപ്പൂർ സ്വദേശിയായ യുവാവ് കൊല്ലപ്പെട്ട കേസിലും ഇയാൾ പ്രതിയായിരുന്നു. പിന്നീട് ആൽബം നിർമാണരംഗത്ത് എഡിറ്റിംഗ് വഴി വ്യാജ വീഡിയോ ഇറക്കിയ കേസിലും മോർഫിങ് നടത്തി അപമാനിച്ച കേസിലും അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
നിരവധി ക്രിമിനൽ കേസിൽ പ്രതിയായിട്ടുള്ള ലത്തീഫിന് എതിരെ ലീഗ് നേതൃത്വം നടപടിയൊന്നും എടുത്തിട്ടില്ല. മയക്കുമരുന്ന് മാഫിയകളുമായും കൊട്ടേഷൻ സംഘങ്ങളുമായും ഇയാൾക്ക് ബന്ധമുള്ളതായി നാട്ടുകാർ പറയുന്നു. ലീഗിന്റെ സജീവ സൈബർ പോരാളിയായ ലത്തീഫ് ഇടതു നേതാക്കൾക്കെതിരെ അധിക്ഷേപകരമായ പോസ്റ്റുകൾ ഇടാറുണ്ട്.