കരിപ്പൂർ> കസ്റ്റംസിനെ വെട്ടിച്ച് വിമാനത്താവളത്തിന് പുറത്ത് കടത്തിയ 2.34 കിലോഗ്രാം സ്വർണ്ണം കരിപ്പൂർ പൊലീസ് പിടികൂടി. 1.35 കോടിയുടെ സ്വർണ്ണമാണ് പൊലീസ് പിടികൂടിയത്. സംഭവത്തിൽ തലശ്ശേരി പൊനിയം സാറുമഹലിൽ പി കെ ഗഫൂർ (47), താമരശ്ശേരി സ്വദേശി ഫൗസിക് (36) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
എയർ ഇന്ത്യയുടെ എഐ938ദുബായ് കരിപ്പൂർ വിമാനത്തിലാണ് ഗഫൂർ എത്തിയത്.നേരത്തെ വിവരം ലഭിച്ചത് അനുസരിച്ച് കാത്തിരുന്ന പൊലീസ് വിമാനത്താവളത്തിലെ പൊലീസ് എയ്ഡ് പോസ്റ്റിൽ വെച്ച് പിടിക്കുകയായിരുന്നു. തുടർന്നാണ് ഇയാളുടെ കൈവശമുണ്ടായിരുന്ന മൈക്രാവേവ് ഓവൻ്റെ ഉള്ളിൽ കൃത്രിമ അറയുണ്ടാക്കി വെൽഡ് ചെയ്ത് ചേർത്ത 1.599 കിലോഗ്രാം സ്വർണ്ണം കണ്ടെടുത്തത്.
എയർ ഇന്ത്യാ എക്സ്പ്രസിൻ്റെ ഷാർജ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ ഫൗസിക് മിശ്രിത രൂപത്തിലാക്കി 974 ഗ്രാം സ്വർണ്ണമാണ് കടത്താൻ ശ്രമിച്ചത്. ഗുളിക രൂപത്തിലാക്കി ശരീരത്തിൽ ഒളിച്ച് വെച്ചാണ് ഇയാൾ സ്വർണ്ണം കടത്താൻ ശ്രമിച്ചത്.കസ്റ്റംസ് പരിശോധന കഴിഞ്ഞ ഉടനെ ഫൗസിക് ശുചി മുറിയിൽ കയറി സ്വർണ്ണ ഗുളികകൾ പുറത്തെടുത്ത് ഷൂസിനുള്ളിൽ ഒളിപ്പിക്കുകയായിരുന്നു.പൊലീസിന് വിവരം ലഭിച്ച് പിടികൂടിയാലും എക്സ് റേ പരിശോധനയെ അതിജീവിക്കാമെന്ന കണക്ക് കൂട്ടലിലാണ് ഇയാൾ ഇങ്ങനെ ചെയ്തത്. വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം രാമനാട്ടുകരയിൽ എത്തി സ്വർണ്ണം കൈമാറാനാണ് ഇരുവർക്കും ലഭിച്ചിരുന്ന നിർദ്ദേശം.കഴിഞ്ഞ രണ്ട് മാസത്തിനിടെ 32 കേസ്സുകളിൽ നിന്നായി 15. 32 കോടി രൂപ വിലവരുന്ന 30.45 കിലോഗ്രാം സ്വർണ്ണമാണ് കരിപ്പൂരിൽ പൊലീസ് പിടികൂടിയത്.