തിരുവനന്തപുരം > പരാജയഭീതിപൂണ്ട കോൺഗ്രസ്സുകാർ കള്ള പോസ്റ്റിടുന്നത് ലജ്ജാകരമാണെന്ന് കെ വി തോമസ്. ജനങ്ങൾ കൂട്ടത്തോടു കൂടി വന്ന് വോട്ട് ചെയ്യുമ്പോൾ കോൺഗ്രസ്സുകാരുടെ ഹൃദയമിടിപ്പാണ് കൂടുന്നത്. വൃക്തമായ രാഷ്ട്രീയ കാഴ്ചപ്പാടോടുകൂടിയാണ് ഞാൻ ഇടതുപക്ഷത്തോടും സിപിഎമ്മിനോടുമൊപ്പം നിൽക്കുന്നതെന്നും കെ വി തോമസ് ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. കെ വി തോമസിന്റെ പ്രതികരണം എന്ന രീതിയില്‍ കോൺഗ്രസുകാർ വ്യാജ കുറിപ്പ് ഇറക്കിയതിനെതിരെയാണ് പ്രതികരണം.
തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പ്രേരിതമായി ധാരാളം നുണകൾ പറയാറുണ്ട്. എന്നാൽ സോഷ്യൽ മീഡിയ ഉപയോഗിച്ചുകൊണ്ട് കളവ് പറയുന്നതും കഥകൾ പ്രചരിപ്പിക്കുന്നതും നല്ലതല്ല. ഡോ. ജോ ജോസഫിനെയും കുടുംബത്തെയും മന:പൂർവ്വം ആക്ഷേപിച്ചവർ തന്നെയാണ് എനിക്കെതിരായ വാർത്തകളും പ്രചരിപ്പിക്കുന്നത്. ഞാൻ തെരഞ്ഞെടുപ്പിൽ സജീവമല്ലെന്ന പരാതി യുഡിഎഫിനാണ്, എൽഡിഎഫിനല്ല. അതിനുള്ള മറുപടി രാവിലെ കൊടുത്തിട്ടുണ്ട്.
എട്ട് തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച എന്നെ തെരഞ്ഞെടുപ്പ് പ്രചരണ രീതികൾ പഠിപ്പിക്കേണ്ട. ഞാൻ ഡോ. ജോ ജോസഫിനുവേണ്ടി പരസ്യമായും നേരിട്ടും തൃക്കാകര വോട്ടർമാരെ ബന്ധപ്പെട്ടിട്ടുള്ളതാണ്. കേരള വികസനം ആഗ്രഹിക്കുന്ന എല്ലാവരും ഡോ.ജോ ജോസഫിനെ വിജയിപ്പിക്കുമെന്ന് ഉറപ്പുണ്ടെന്നും കെ വി തോമസ് പറഞ്ഞു.