തിരുവനന്തപുരം> വികസനത്തിന് വീടും ഭൂമിയും വിട്ടു നല്കുന്നവര് വഴിയാധാരമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്ത് അരലക്ഷത്തിലധികം പട്ടയം നൂറ് ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. നൂറ് ദിന കര്‍മ്മ പരിപാടിയില്‍ 15000 പട്ടയം നല്‍കാനാണ് ലക്ഷ്യമിട്ടത്. എന്നാല്‍, അതിന്റെ മൂന്നിരട്ടിയിലധികം പട്ടയമാണ് വിതരണം ചെയ്തത്.
54535 പട്ടയങ്ങള്‍ ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം വിതരണം ചെയ്തു. അതൊരു ചരിത്രനേട്ടമാണ്. രണ്ടേകാല്‍ ലക്ഷത്തോളം പട്ടയങ്ങളും 296008 വീടുകളും ആറ് വര്‍ഷം കൊണ്ട് ഇടതു സര്‍ക്കാര്‍ ലഭ്യമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാവരേയും കൈപിടിച്ചുയര്‍ത്തും, ലാന്റ് ബോര്‍ഡുകളിലെ തീര്‍പ്പാകാതെ കിടക്കുന്ന കേസുകള്‍ക്ക് പതിറ്റാണ്ടിന്റെ പഴക്കമുണ്ട്, ഇത് പരിഹരിക്കാന്‍ നിയമ പരമായി പരിശീലനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ലാന്റ് ബോര്‍ഡിനെ ആറായി തിരിച്ച് ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. ഒറ്റത്തണ്ടപേര് പദ്ധതിയും ഉടന്‍ പൂര്‍ത്തിയാകുമെന്നും ഇ-പട്ടയം നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.