കോട്ടക്കൽ > തൃക്കാക്കര എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിനെ അധിക്ഷേപിക്കാന്‍ വ്യാജ അശ്ലീല വീഡിയോ അപ്ലോഡ് ചെയ്ത കോട്ടക്കൽ ഇന്ത്യനൂർ സ്വദേശി അബ്ദുള്‍ ലത്തീഫ് കോട്ടക്കൽ മുൻസിപ്പാലിറ്റിയിലെ മുസ്ലിംലീഗിന്റെ സജീവ പ്രവർത്തകനും ക്രിമിനലുമാണ്.
2002ൽ കോട്ടക്കൽ പറപ്പൂർ സ്വദേശിയായ യുവാവ് കൊല്ലപ്പെട്ട കേസിലും ഇയാൾ പ്രതിയായിരുന്നു. പിന്നീട് ആൽബം നിർമാണരംഗത്ത് എഡിറ്റിംഗ് വഴി വ്യാജ വീഡിയോ ഇറക്കിയ കേസിലും മോർഫിങ് നടത്തി അപമാനിച്ച കേസിലും അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
നിരവധി ക്രിമിനൽ കേസിൽ പ്രതിയായിട്ടുള്ള ലത്തീഫിന് എതിരെ ലീഗ് നേതൃത്വം നടപടിയൊന്നും എടുത്തിട്ടില്ല. മയക്കുമരുന്ന് മാഫിയകളുമായും കൊട്ടേഷൻ സംഘങ്ങളുമായും ഇയാൾക്ക് ബന്ധമുള്ളതായി നാട്ടുകാർ പറയുന്നു. ലീഗിന്റെ സജീവ സൈബർ പോരാളിയായ ലത്തീഫ് ഇടതു നേതാക്കൾക്കെതിരെ അധിക്ഷേപകരമായ പോസ്റ്റുകൾ ഇടാറുണ്ട്.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കോട്ടക്കലിലെ മുസ്ലിം ലീഗ് സ്ഥാനാർഥി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾക്ക് വേണ്ടി സോഷ്യൽ മീഡിയ പ്രചരണത്തിൽ മുൻപന്തിയിൽ ഉണ്ടായിരുന്ന ആളാണ്. സ്വന്തമായി ഫേസ്ബുക് പേജ് ഇതിനായി അദ്ദേഹത്തിനുണ്ട്. ഈ പേജ് വഴിയാണ് തൃക്കാക്കര യു ഡി എഫ് സ്ഥാനാർഥി ഉമ തോമസിനായി പ്രചരണം നടത്തിയിരുന്നത്. നിരവധി വ്യാജ ഫേസ്ബുക് അക്കൗണ്ടുകളും ലത്തീഫിനുണ്ട്. രണ്ട് ദിവസമായി ഒളിവിലായിരുന്ന ലത്തീഫിനെ കോയമ്പത്തൂരിൽ നിന്നും തൃക്കാക്കര പൊലീസാണ് പിടിച്ചത്.