തലശേരി> തൃക്കാക്കരയിലെ മികച്ച പോളിങ്ങ് എൽഡിഎഫിന് അനുകൂലമാവുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ . കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ മുഴുവൻ വോട്ടും പോൾ ചെയ്തിരുന്നില്ല. ഇത്തവണ എല്ലാവരും പോളിങ്ങ് ബൂത്തിലെത്തും. കതിരൂർ സർവീസ് സഹകരണ ബാങ്കിന്റെ ‘മരക്കാന ടർഫ്’ സി എച്ച് നഗറിൽ ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കോടിയേരി.
തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന് കാണുമ്പോൾ ഏത് നികൃഷ്ടമായ മാർഗവും യുഡിഎഫ് സ്വീകരിക്കുമെന്നതിന്റ ഒടുവിലത്തെ ഉദാഹരണമാണ് വ്യാജ അശ്ലീല വീഡിയോ തയാറാക്കി പ്രചരിപ്പിച്ചത്. തെരഞ്ഞെടുപ്പ് ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത കാര്യമാണിത്. വ്യാജ അശ്ലീല വീഡിയോ അപ്ലോഡ് ചെയ്ത ആളെ കണ്ടെത്തിയത് പോലെ ഇതിൽ ഉൾപ്പെട്ട മറ്റുള്ളവരെയും അറസ്റ്റ് ചെയ്യും.
ബിജെപിയും കോൺഗ്രസും തമ്മിൽ ചില ബന്ധങ്ങളുണ്ടെന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നതാണെന്ന് കോടിയേരി പറഞ്ഞു. കൊൺഗ്രസ് സഥാനാർഥി തന്നെ ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റിഓഫീസിൽ പോവുന്ന സ്ഥിതിയുണ്ടായി. എങ്ങനെയാവും ഇത് വോട്ടിങ്ങിൽ പ്രതിഫലിക്കുകയെന്നത് കണ്ടറിയേണ്ട കാര്യമാണെന്നും കോൺഗ്രസ്–ബിജെപി ബന്ധത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചൊദ്യത്തിന് മറുപടിയായി കോടിയേരി പറഞ്ഞു. എ എൻ ഷംസീർ എംഎൽഎ, ജില്ലസെക്രട്ടറിയറ്റംഗം കാരായിരാജൻ, എം സി പവിത്രൻ, സി കെ രമേശൻ എന്നിവരും ഒപ്പമുണ്ടായി.