തിരുവനന്തപുരം> യൂണിയന് പബ്ലിക് സര്‍വീസ് കമ്മീഷന് നടത്തിയ സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മലയാളി വിദ്യാര്‍ഥികളെ അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. ചങ്ങനാശ്ശേരി സ്വദേശിയായ ദിലീപ് കെ കൈനിക്കരയാണ് കേരളത്തില്‍ ഒന്നാമത്. അഖിലേന്ത്യാ തലത്തില്‍ ഇരുപത്തിയൊന്നാം റാങ്ക്. ദിലീപിനെ നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിച്ചു-
ഒന്‍പതു മലയാളികളാണ് ആദ്യ നൂറുറാങ്കുകളില് ഇടം പിടിച്ചത്. ഈ വര്‍ഷത്തെ ഫലം കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിക്ക് അഭിമാനിക്കാവുന്നതു കൂടിയാണ്. ദിലീപ് ഉള്‍പ്പെടെ അക്കാദമിയില്‍ പരീക്ഷാ പരിശീലനം നേടിയ ഇരുപത്തിയഞ്ചുപേരാണ് ഇക്കുറി സിവില്‍ സര്‍വീസ് പരീക്ഷ വിജയിച്ചത്. അഖിലേന്ത്യാ സര്‍വീസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എല്ലാവര്ക്കും അഭിനന്ദനങ്ങളറിയിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു