കൊച്ചി > തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫിനെതിരെ പ്രചരിപ്പിച്ച വ്യാജ വീഡിയോ വിവാദത്തിൽ പ്രതിപക്ഷ നേതാവ് നടത്തിയ പരാമർശം ഇന്നലെ മനോരമ ന്യൂസ് കൗണ്ടർ പോയിന്റിൽ ഉപയോഗിച്ചത് കൃത്യമായല്ലെന്ന് സമ്മതിച്ച് അവതാരകൻ അയ്യപ്പദാസ്. ഫെയ്സ്ബുക്കിൽ ആണ് അയ്യപ്പദാസ് തെറ്റ് പറ്റിയെന്നുള്ള കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
അങ്ങനെ ഒരു വീഡിയോ കിട്ടിയാൽ ആരാണ് പ്രചരിപ്പിക്കാത്തത് എന്ന വി ഡി സതീശൻ്റെ പരാമർശമല്ല, പകരം അതേക്കുറിച്ച് പിന്നീട് സതീശൻ പറയുന്ന ഭാഗമാണ് ചർച്ചക്കിടെ കാണിച്ചത്. ഇത് സമൂഹമാധ്യമങ്ങളിൽ പലരും ചൂണ്ടിക്കാണിച്ചിരുന്നു. മറ്റ് പരിപാടികളുടെ തിരക്കിലായതിനാൽ അന്ന് ഈ വിവാദ പരാമർശം നേരിൽ കേട്ടില്ല എന്നാണ് അയ്യപ്പദാസിന്റെ വാദം. രണ്ട് ദിവസത്തിന് ശേഷം കൗണ്ടർ പോയിന്റ് അവതരിപ്പിക്കുമ്പോൾ ആണ് ഇതാണ് പരാമർശം എന്ന് തെറ്റിദ്ധരിച്ച് ഈ ഭാഗം എടുക്കുന്നതെന്നും അവതാരകൻ ന്യായീകരിക്കുന്നു.
ചർച്ച അവതാരകൻ എന്ന നിലയിൽ എന്റെ ഉണ്ടായ വീഴ്ചയാണ് ഈ വീഡിയോ ഉപയോഗിക്കാനും അത് പ്രകാരമുള്ള ചോദ്യങ്ങൾ ഉന്നയിക്കാനുമുള്ള കാരണം. പറ്റിയ തെറ്റിന് ക്ഷമ ചോദിക്കുന്നു. തിരുത്തി കൂടുതൽ ജാഗ്രതയോടെയേ മുന്നോട്ട് പോകുമെന്നും അയ്യപ്പദാസ് കുറിപ്പിൽ പറയുന്നു.