നെയ്യാറ്റിൻകര മാരാരിമുട്ടത്ത് വിഎച്ച്പി റാലിയില്‍ പെണ്‍കുട്ടികള്‍ വാളേന്തി പ്രകടനം നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി ഗായകനും സംഗീത സംവിധായകനുമായ ഹരീഷ് ശിവരാമകൃഷ്ണന്. കുട്ടികളുടെ കയ്യില്‍ വാള് അല്ല , പുസ്തകം വെച്ച് കൊടുക്കണമെന്നും സമാധാനവും സാഹോദര്യവും സഹിഷ്ണുതയും എന്തെന്ന് പറഞ്ഞുകൊടുക്കണമെന്നും അദ്ദേഹം കുറിച്ചു. ഫെയ്സ്ബുക്കിലൂടെയായിരുന്നു ഹരീഷിന്റെ പ്രതികരണം.
ഹരീഷ് ശിവരാമകൃഷ്ണന്റെ കുറിപ്പ്:
‘പിള്ളേരുടെ കയ്യില്‍ വാള് അല്ല , പുസ്തകം വെച്ച് കൊടുക്കേടോ. പകയും, പ്രതികാരവും വിദ്വേഷവും അല്ല , സമാധാനം സാഹോദര്യം സഹിഷ്ണുത ഒക്കെ പറഞ്ഞു കൊടുക്കെടോ. മനുഷ്യനായി ജീവിക്കാന്‍ പറഞ്ഞു കൊടുക്കെടോ’.
സംഭവത്തിൽ വാളുമേന്തി പ്രകടനം നടത്തിയ “ദുർഗാവാഹിനി’ പ്രവർത്തകർക്കെതിരെ കേസെടുത്തു. സമൂഹമാധ്യമങ്ങളിൽ ആയുധമേന്തി പ്രകടനം നടത്തുന്ന വനിതകളുടെ ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ആയുധനിയമപ്രകാരവും, സമുദായങ്ങൾക്കിടയിൽ മതസ്പർദ്ധ വളർത്താൻ ശ്രമിച്ചു എന്നുമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളാണ് നിലവിൽ ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. ആര്യങ്കോട് പൊലീസാണ് സ്വമേധയാ കേസെടുത്തത്.