അബുദബി> കോൺഗ്രസിനകത്ത് വലിയ തോതിലുള്ള മാറ്റങ്ങൾ അനിവാര്യമാണ്. അല്ലാതെ, അടുത്ത ലോകസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് അത്ര എളുപ്പമല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം പി അഭിപ്രയപ്പെട്ടു.
അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പങ്കെടുക്കാൻ എത്തിയ അദ്ദേഹം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
കോണ്‍ഗ്രസ് ഭരണം തിരിച്ചുവരണമെന്നത് ഇന്ത്യയിലെ സാധാരണക്കാരന്റെ ആഗ്രഹമാണ്. അത് അനിവാര്യമായിരിക്കുകയാണ്. മോദിയുടെ ഭരണത്തില്‍ തൊഴിലില്ലായ്മ അനുദിനം വര്‍ധിക്കുന്നത് പോലെ പെട്രോളിന്റെയും ഭക്ഷ്യ സാധനങ്ങളുടെയും വില ദിവസവും കൂടിവരികയാണ്. രാജ്യത്തിന് വേണ്ടി നിരവധി പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസിന് നടത്താനുണ്ട്. കോൺഗ്രസ്സിന്റെ പ്രവർത്തനങ്ങളിലും നേതൃത്വത്തിലും കാതലായ മാറ്റങ്ങൾ വരുത്തിയാൽ കോണ്‍ഗ്രസിന് തിരിച്ചുവരാന്‍ കഴിയും.
കോണ്‍ഗ്രസിന്റെ ഉദയപ്പൂര്‍ സമ്മേളനം വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. കോണ്‍ഗ്രസിനെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. പാര്‍ട്ടി നന്നാവണമെന്ന് പൊതു സമൂഹത്തിനുള്ളത് പോലെ കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകരുടെയും ആഗ്രഹം. അതിനു കോൺഗ്രസ്സിൽ മാറ്റങ്ങൾ അനിവാര്യമാണെന്നും ശശി തരൂർ പറഞ്ഞു.