പത്രികാ സമർപ്പണത്തിന് രണ്ടു ദിവസം മാത്രം ശേഷിക്കെ രാജ്യസഭാ സീറ്റുകളിലേക്ക് ജി –-23 നേതാക്കളെ തഴഞ്ഞ് കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. തമിഴ്നാട്ടിൽ ഡിഎംകെ അനുവദിക്കുന്ന സീറ്റിൽ പി ചിദംബരവും കർണാടകത്തിൽ ഒഴിവുള്ള സീറ്റിൽ ജയ്റാം രമേശും മത്സരിക്കും.
രാഹുൽബ്രിഗേഡിൽനിന്ന് രാജീവ് ശുക്ലയും അജയ്മാക്കനും, രൺദീപ്സിങ് സുർജെവാലയും ഇടംനേടി. വിമത വിഭാഗം നേതാക്കളായ ഗുലാംനബി ആസാദ് രാജസ്ഥാനിൽനിന്നും ആനന്ദ് ശർമ ഹരിയാനയിൽനിന്നും സീറ്റ് പ്രതീക്ഷിച്ചെങ്കിലും തഴഞ്ഞു. ചത്തീസ്ഗഢിൽനിന്ന് രാജീവ് ശുക്ലയും രഞ്ജീത് രഞ്ജനും, ഹരിയാനയിൽ അജയ്മാക്കൻ, മഹാരാഷ്ട്രയിൽ ഇമ്രാൻ പ്രതാപഗാർഹി, രാജസ്ഥാനിൽ രൺദീപ്സിങ് സുർജെവാല, മുകുൾ വാസ്നിക്, പ്രമോദ് തിവാരി, മധ്യപ്രദേശിൽ വിവേക് തൻഖ എന്നിവരാണ് സ്ഥാനാർഥികൾ. മുകുൾ വാസ്നികും വിവേക് തൻഖയും മാത്രമാണ് ജി –-23 നേതാക്കളിൽനിന്ന് ഇടംപിടിച്ചത്.സോണിയ ഗാന്ധി ശനിയാഴ്ച മുതിർന്ന നേതാക്കളുമായി ദീർഘനേരം ചർച്ച നടത്തിയിരുന്നു. ജാർഖണ്ഡിൽ ജെഎംഎമ്മിനും കോൺഗ്രസിനുമായി ഒരു സ്ഥാനാർഥി മാത്രമാകും ഉണ്ടാവുകയെന്ന് സോണിയയെ കണ്ടശേഷം മുഖ്യമന്ത്രി ഹേമന്ത് സോറൻ പ്രതികരിച്ചിരുന്നു.