ന്യൂഡൽഹി
വിവിധ സംസ്ഥാനങ്ങളിൽ ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളിലേക്ക് ബിജെപി 16 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മുൻ കേന്ദ്ര മന്ത്രിയും രാജ്യസഭാംഗവുമായ അൽഫോൺസ് കണ്ണന്താനത്തിന് സീറ്റ് നിഷേധിച്ചു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കർണാടകത്തിൽനിന്നും വാണിജ്യ മന്ത്രി പീയുഷ് ഗോയൽ മഹാരാഷ്ട്രയിൽനിന്നും മത്സരിക്കും.
രാജസ്ഥാനിൽ കണ്ണന്താനമടക്കം നാല് ബിജെപി എംപിമാർ ഒഴിയുന്ന സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ്. മൂന്ന് സീറ്റിൽ കോൺഗ്രസിന് ജയിക്കാം. ബിജെപിക്ക് ജയിക്കാവുന്ന ഏക സീറ്റിൽ ഘനശ്യാം തിവാരി സ്ഥാനാർഥി. യുപിയിൽ എട്ടും കർണാടകത്തിലും മഹാരാഷ്ട്രയിലും ബിഹാറിലും രണ്ടു വീതവും ഹരിയാന, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ഒന്നു വീതവും സീറ്റുകളിലാണ് ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. കാലാവധി കഴിയുന്ന കേന്ദ്ര മന്ത്രി മുക്താർ അബ്ബാസ് നഖ്വിയും പട്ടികയിലില്ല. 23 ബിജെപി എംപിമാരാണ് സ്ഥാനമൊഴിയുന്നത്. 20 സീറ്റിലാണ് ബിജെപിക്ക് ജയിക്കാനാകുക. മൂന്ന് സീറ്റ് നഷ്ടമാകും.