കൊച്ചി
നവകേരളത്തിന്റെ വികസനക്കുതിപ്പിനൊപ്പം മുന്നേറാനൊരുങ്ങുന്ന തൃക്കാക്കരയിലെ ജനവിധിക്ക് മണിക്കൂറുകൾ ബാക്കി. പൊടിപാറിയ ഉപതെരഞ്ഞെടുപ്പു പ്രചാരണം ഞായറാഴ്ച കൊട്ടിക്കലാശിച്ചു. തിങ്കളാഴ്ച നിശ്ശബ്ദപ്രചാരണം. ജനകീയ ഡോക്ടർ ജോ ജോസഫിനെ മുന്നിൽനിർത്തി തൃക്കാക്കരയുടെ വികസനവും രാഷ്ട്രീയവും അജൻഡയാക്കിയാണ് എൽഡിഎഫ് പ്രചാരണത്തിനിറങ്ങിയത്. വിവാദങ്ങളെ കൂട്ടുപിടിച്ച് കുളംകലക്കാനിറങ്ങിയ യുഡിഎഫിനെ തൊട്ടതെല്ലാം തിരിഞ്ഞുകുത്തി.
വികസനനായകൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയതോടെ പ്രചാരണം ഹൈ വോൾട്ടേജായി. വികസനത്തിൽ തൃക്കാക്കര ഏതുപക്ഷത്ത് എന്ന മുഖ്യമന്ത്രിയുടെ ചോദ്യംതന്നെയാണ് അവസാനറൗണ്ടുവരെ പ്രചാരണത്തിന്റെ ഗതി നിർണയിച്ചത്. കെ–-റെയിലും മെട്രോ റെയിലും ജല മെട്രോയും വമ്പൻ റോഡും ഉൾപ്പെടുന്ന യാത്രാഹബ്ബായി മണ്ഡലത്തെ മാറ്റാനുള്ള പദ്ധതി മുതൽ ഓരോ വില്ലേജിലും കളിക്കളംവരെയുള്ള പദ്ധതി മുന്നോട്ടുവച്ചു.
എന്നാൽ പ്രകടനപത്രിക ഇറക്കാൻപോലും യുഡിഎഫിനായില്ല. പാളയത്തിലെ പടയും പ്രശ്നങ്ങൾ സങ്കീർണമാക്കി. എൽഡിഎഫ് വികസനനയത്തെ പിന്തുണച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസും പ്രചാരണത്തിനിറങ്ങി. യുഡിഎഫ് സ്ഥാനാർഥിയെ നിശ്ചയിച്ചത് പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്റും മാത്രമറിഞ്ഞെന്ന ആക്ഷേപവുമായി യുഡിഎഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷനും ഡിസിസി ജനറൽ സെക്രട്ടറി എം ബി മുരളീധരനും പരസ്യ പ്രതികരണം നടത്തി. എം ബി മുരളീധരൻ എൽഡിഎഫ് സ്ഥാനാർഥിക്ക് പിന്തുണയും പ്രഖ്യാപിച്ചു.
തുടക്കംമുതൽ ഡോ. ജോക്കെതിരെ വ്യക്തി അധിക്ഷേപം തുടരുന്ന യുഡിഎഫ് വ്യാജ അശ്ലീലവീഡിയോ വരെ പ്രചരിപ്പിച്ചു. വീഡിയോപ്രചാരണത്തെ ന്യായീകരിച്ച പ്രതിപക്ഷനേതാവിനെ എതിർത്ത് എഐസിസി അംഗങ്ങളായ സിമ്മി റോസ്ബെൽ ജോണും പത്മജ വേണുഗോപാലുമടക്കം രംഗത്തെത്തി.
ആവേശക്കലാശം
പാലാരിവട്ടം റൗണ്ടിൽ ആവേശമുയർത്തിയ മുദ്രാവാക്യത്തിന്റെയും താളമേളത്തിന്റെയും ആർപ്പുവിളിയുടെയും അകമ്പടിയിൽ ഒരുമാസം നീണ്ട തെരഞ്ഞെടുപ്പുപ്രചാരണത്തിന് കലാശക്കൊട്ട്. എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിന്റെ പൊതുപ്രചാരണ സമാപനസമ്മേളനത്തിന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും മന്ത്രി പി രാജീവും മണ്ഡലം സെക്രട്ടറി എം സ്വരാജും നേതൃത്വം നൽകി. യുഡിഎഫ് പ്രചാരണ സമാപനച്ചടങ്ങിന് വി ഡി സതീശനും എൻഡിഎക്കായി കെ സുരേന്ദ്രനും പി കെ കൃഷ്ണദാസും രംഗത്തിറങ്ങി.