തിരുവനന്തപുരം
മഴയിൽ റോഡുകളിലുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ പൊതുമരാമത്ത് വകുപ്പിന്റെ പ്രത്യേക കർമസേന. ജനങ്ങൾക്ക് റോഡിലെ തകരാറുകൾ ശ്രദ്ധയിൽപ്പെടുത്താൻ പ്രത്യേക കൺട്രോൾ റൂമും ആരംഭിക്കും. ഇവ രണ്ടും ബുധനാഴ്ച പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്യും. മഴക്കാലത്ത് വെള്ളക്കെട്ടും വെള്ളം കുത്തിയൊലിക്കുന്നതും കാരണം റോഡുകൾക്കും പാലങ്ങൾക്കുമുണ്ടാകുന്ന കേടുപാടുകൾക്ക് ഉടനടി പരിഹാരം കാണുകയാണ് ലക്ഷ്യം. നിലവിലുള്ള പബ്ലിക് ഇൻഫർമേഷൻ സെല്ലിന്റെ ഭാഗമായാണ് കൺട്രോൾ റൂം. പരാതികൾ ഫീൽഡ് ഉദ്യോഗസ്ഥനെയും ജില്ലാ കർമസേനയെയും അറിയിക്കും.
ജില്ലാ കർമസേനപ്രശ്നം 24 മണിക്കൂറിനകം താൽക്കാലികമായെങ്കിലും പരിഹരിക്കണം. പരമാവധി 48 മണിക്കൂർ. പ്രശ്നം പരിഹരിച്ചതിന്റെ ചിത്രങ്ങളോടെ റിപ്പോർട്ട് നൽകണം. നിരത്തുപരിപാലനം, ദേശീയപാത, കെഎസ്ടിപി, കെആർഎഫ്ബിപിഎംയു വിഭാഗങ്ങളിലെ ചീഫ് എൻജിനിയർമാർ ഉൾപ്പെടുന്നതാണ് സംസ്ഥാന കർമസേന. വിവിധ വിഭാഗങ്ങളിലെ എക്സിക്യൂട്ടീവ് എൻജിനിയർമാരുടെ നേതൃത്വത്തിലാണ് ജില്ലാ കർമസേന. പൊതുമരാമത്ത് മന്ത്രിയുടെ നിർദേശപ്രകാരമാണ് കർമസേനയ്ക്കും കൺട്രോൾറൂമിനും രൂപംനൽകിയത്.