മോസ്കോ
കിഴക്കൻ ഉക്രയ്നിലെ തന്ത്രപ്രധാന നഗരമായ ലൈമൻ പിടിച്ചെടുത്തതായി റഷ്യ. റഷ്യയെ പിന്തുണയ്ക്കുന്നവരും സൈന്യവും ചേർന്ന് പിടിച്ചെടുത്ത നഗരം ഉക്രയ്നിൽനിന്നും പൂർണമായും സ്വതന്ത്രമാക്കപ്പെട്ടതായി റഷ്യൻ പ്രതിരോധമന്ത്രാലയം അറിയിച്ചു. ഉക്രയ്ൻ നിയന്ത്രണത്തിലുള്ള സ്ലോവിയൻസ്കിലേക്കും ക്രാമാറ്റോർസ്കിലേക്കുമുള്ള റോഡ് കടന്നുപോകുന്നത് ലൈമനിലൂടെയാണ്. പ്രധാന റെയിൽവേ കേന്ദ്രംകൂടിയാണിത്. ലൈമൻ പിടിച്ചത് ഡോൺബാസ് മേഖലയിൽ ആധിപത്യം ഉറപ്പിക്കുന്നതിന് റഷ്യക്ക് സഹായകമാകും.
ലുഹാൻസ്ക് പ്രവിശ്യയിൽ പോരാട്ടം ശക്തമായി തുടരുകയാണ്. താപവൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന സിറ്റോഡാർസ്ക് റഷ്യ പിടിച്ചു. ആക്രമണം ശക്തമായാൽ സീവിറോഡോനെറ്റ്സ്കിൽനിന്ന് ഉക്രയ്ൻ സൈന്യം പിന്മാറേണ്ടി വരുമെന്ന് ലുഹാൻസ്ക് മേയർ പറഞ്ഞു.
അതിനിടെ റഷ്യൻ സൈനികരുടെ പ്രായപരിധി ഉയർത്തിയുള്ള നിയമത്തിൽ പ്രസിഡന്റ് വ്ലാദമിർ പുടിൻ ശനിയാഴ്ച ഒപ്പുവച്ചു. പ്രാരംഭ സർവീസ് 40ൽനിന്ന് 50 വയസാക്കും. ആയിരം കിലോമീറ്റർവരെ സഞ്ചരിക്കുന്ന പുതിയ ഹൈപ്പർസോണിക് മിസൈൽ പരീക്ഷിച്ചതായും റഷ്യ സ്ഥിരീകരിച്ചു.