കൊച്ചി > തൃക്കാക്കര നിയമസഭാ നിയോജകമണ്ഡലത്തിലെ ഉപ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ, ജില്ലാ കലക്ടർ ജാഫർ മാലിക് എന്നിവർ അറിയിച്ചു. സമാധാനപരവും സുഗമവുമായ തെരഞ്ഞെടുപ്പ് നടത്തിപ്പിനായി സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പൊതുജനങ്ങളും സഹകരിക്കണമെന്നും അവർ അഭ്യർത്ഥിച്ചു.
വോട്ടെണ്ണൽ കേന്ദ്രമായ എറണാകുളം മഹാരാജാസ് കോളേജിലാണ് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കുന്നതിനുള്ള സ്ട്രോംഗ് റൂമും ഒരുക്കിയിരിക്കുന്നത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച പൊതുനിരീക്ഷകൻ ഗിരീഷ് ശർമ്മയുടെയും ചെലവ് നിരീക്ഷകൻ ആർആർഎൻ ശുക്ലയുടയും നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നിരീക്ഷിച്ചു വരികയാണ്.
പരസ്യപ്രചാരണം 29ന് വൈകിട്ട് 6 വരെ
തൃക്കാക്കര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരസ്യ പ്രചാരണം 29 ന് (ഞായറാഴ്ച) വൈകീട്ട് ആറിന് അവസാനിക്കും. പ്രചാരണാർത്ഥം നിയോജക മണ്ഡലത്തിൽ എത്തിയ രാഷ്ട്രീയ നേതാക്കൾ, രാഷ്ട്രീയ പ്രവർത്തകർ, പ്രതിനിധികൾ തുടങ്ങിയവർ പരസ്യ പ്രചാരണം അവസാനിച്ച ശേഷം മണ്ഡലത്തിൽ തുടരാൻ പാടില്ല. പൊലീസ്, ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ എന്നിവർ ഇക്കാര്യം ഉറപ്പ് വരുത്തും. കല്യാണ മണ്ഡപങ്ങൾ, കമ്മ്യൂണിറ്റി ഹാളുകൾ തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധന നടത്തി രാഷ്ട്രീയ പ്രവർത്തകർ താമസിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തും. ലോഡ്ജുകളിലും ഗസ്റ്റ് ഹൗസുകളിലും താമസിക്കുന്നവരുടെ വിവരങ്ങൾ ശേഖരിക്കും. മണ്ഡലത്തിലേക്ക് വരുന്നതും പോകുന്നതുമായ വാഹനങ്ങൾ മണ്ഡലാതിർത്തികളിൽ പോലീസ് നിരീക്ഷിക്കും.
48 മണിക്കൂർ മദ്യനിരോധനം
ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയാകുന്നതിന് തൊട്ടുമുമ്പുള്ള 48 മണിക്കൂർ തൃക്കാക്കര മണ്ഡലത്തിൽ മദ്യനിരോധനം ഉണ്ടായിരിക്കും. ഈ 48 മണിക്കൂറിൽ പൊതുസ്ഥലത്തോ സ്വകാര്യ ഇടങ്ങളിലോ മദ്യം വിൽക്കുന്നതും വിതരണം ചെയ്യുന്നതും ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്. വോട്ടെണ്ണൽ ദിനത്തിലും മദ്യനിരോധനം പ്രാബല്യത്തിലുണ്ടാകും.
വോട്ടെടുപ്പ് ദിനത്തിൽ ശമ്പളത്തോടെ അവധി
വോട്ടെടുപ്പ് ദിനത്തിൽ തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ വോട്ടർമാരായ തൊഴിലാളികൾക്കും ജീവനക്കാർക്കും ശമ്പളത്തോടു കൂടിയ അവധി നൽകണമെന്ന് നിർദേശിച്ചിട്ടുണ്ട്. ജനപ്രാതിനിധ്യനിയമത്തിലെ 135 ബി വകുപ്പ് പ്രകാരം വോട്ടർമാർക്ക് വോട്ട് രേഖപ്പെടുത്താൻ അവസരമൊരുക്കേണ്ടത് തൊഴിൽദായകന്റെ ഉത്തരവാദിത്തമാണ്. ചട്ടം ലംഘിക്കുന്നവർക്കെതിരെ പിഴ അടക്കമുള്ള ശിക്ഷാനടപടികൾ സ്വീകരിക്കും. എറണാകുളം മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്ന മണ്ഡലത്തിലെ വോട്ടർമാർക്കും ശമ്പളത്തോടു കൂടിയ അവധിക്ക് അർഹതയുണ്ടായിരിക്കും. ദിവസവേതനക്കാർക്കും ശമ്പളത്തോടെ അവധി നല്‍കേണ്ടതാണ്.
വോട്ടെടുപ്പ്
മെയ് 31 ന് രാവിലെ 7 മുതല്‍ വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ്. വൈകുന്നേരം 6 വരെ ബൂത്തിലെത്തുന്നവര്‍ക്ക് വോട്ട് രേഖപ്പെടുത്താം.
വോട്ടർമാർ
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഇത്തവണ വിധിയെഴുതുന്നത് 196805 വോട്ടർമാർ ആണ്. ഇതിൽ 3633 പേരാണ് ആദ്യമായി തിരഞ്ഞെടുപ്പിൽ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കുന്നത്. ആകെയുള്ള 196805 വോട്ടർമാരിൽ 95274 പേർ പുരുഷന്മാരും 101530 പേർ സ്ത്രീകളും ഒരാൾ ട്രാൻസ്ജെൻഡറുമാണ്.
ബൂത്തുകൾ
239 ബൂത്തുകൾ ആണ് തിരഞ്ഞെടുപ്പിനായി ഒരുക്കിയിരിക്കുന്നത്. ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ഹരിത പ്രോട്ടോകോൾ ഉറപ്പാക്കിയാണ് ബൂത്തുകൾ ഒരുക്കുന്നത്.എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിംഗ് സംവിധാനം ഒരുക്കിയിട്ടുണ്ട്. 239 പോളിംഗ് ബൂത്തുകളിൽ 75 എണ്ണം ഓക്സിലറി ബൂത്തുകളാണ്. അഞ്ച് മാതൃകാ പോളിങ്ങ് സ്റ്റേഷനുകളാണ് മണ്ഡലത്തിലുള്ളത്. പൂർണമായും ഹരിത മാതൃക അവലംബിച്ച് തയാറാക്കുന്ന മാതൃകാ ബൂത്തുകളിൽ ഇരിപ്പിടം, അടിസ്ഥാനസൗകര്യം, കൈവരി, മുതിർന്നവർക്കുള്ള വിശ്രമസ്ഥലം, മുലയൂട്ടൽ മുറി തുടങ്ങിയവ സജ്ജീകരിക്കും.
ഇടപ്പള്ളി ദേവൻകുളങ്ങര ക്യാമ്പയിൻ സ്കൂളിലെ 11-ാം ബൂത്ത്, ടോക് എച്ച് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 79, 81 ബൂത്തുകള്‍, പാറേപ്പറമ്പ് ഷറഫുല്‍ ഇസ്ലാം യു.പി സ്കൂളിലെ 87 -ാം ബൂത്ത്, തൃക്കാക്കര ഇൻഫൻറ് ജീസസ് എല്‍.പി സ്കൂളിലെ 120-ാം നമ്പര്‍ ബൂത്ത് എന്നീ സ്ഥലങ്ങളിലാണ് മാതൃകാ ബൂത്തുകള്‍ ഒരുക്കിയിരിക്കുന്നത്. പൂർണ്ണമായും വനിതകൾ മാത്രം നിയന്ത്രിക്കുന്ന വനിത പോളിങ് സ്റ്റേഷൻ 119-ാം നമ്പർ ബൂത്തായ തൃക്കാക്കര ഇൻഫൻറ് ജീസസ് എല്‍.പി സ്കൂളിൽ സജ്ജമാക്കും. ഇവിടെ പോളിംഗ് ഉദ്യോഗസ്ഥരും ക്രമസമാധാന പാലനത്തിന് ഡ്യൂട്ടിയിലുള്ള പൊലീസും വനിതകളായിരിക്കും. നിലവിലുള്ള കോവിഡ്-19 മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പോളിംഗ് നടത്തുക. ബൂത്തിലെത്തുന്ന എല്ലാ വോട്ടര്‍മാരെയും സാനിറ്റൈസ് ചെയ്യുന്നതാണ്. തൃക്കാക്കര നിയമസഭ നിയോജക മണ്ഡലത്തിൽ പ്രശ്നബാധിത ബൂത്തുകളോ പ്രശ്ന സാധ്യതാ ബൂത്തുകളോ ഇല്ല.
തിരിച്ചറിയൽ രേഖ
എല്ലാ വോട്ടര്‍മാരും തിരഞ്ഞെടുപ്പ് കമ്മീഷൻ നല്‍കിയിട്ടുള്ള ഇലക്ടറല്‍ ഐഡൻറിറ്റി കാർഡ് വോട്ട് ചെയ്യുന്നതിനായി കൊണ്ടുവരണം. കൂടാതെ ആധാര്‍കാര്‍ഡ്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാര്‍ഡ്, പാസ്പോര്‍ട്ട്, ഫോട്ടോ പതിച്ച പെൻഷൻ രേഖ, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും പൊതുമേഖല സ്ഥാപനങ്ങളും നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച സര്‍വീസ് ഐഡൻറിറ്റി കാര്‍ഡ്, എം.പി.മാരും എം.എല്‍.എ മാരും നല്‍കിയിട്ടുള്ള ഔദ്യോഗിക ഐഡൻറിറ്റി കാര്‍ഡ്, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ തൊഴില്‍ കാര്‍ഡ്, ബാങ്കുകളും പോസ്റ്റ് ഓഫീസുകളും നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ് ബുക്ക്, കേന്ദ്ര തൊഴില്‍ മന്ത്രാലയം നല്‍കിയിട്ടുള്ള ആരോഗ്യ ഇൻഷ്വറ൯സ് സ്മാര്‍ട്ട് കാര്‍ഡ് എന്നിവയും തിരിച്ചറിയല്‍ രേഖകളായി പരിഗണിക്കും. വോട്ടര്‍ സ്ലിപ്പ് തിരിച്ചറിയല്‍ രേഖയായി പരിഗണിക്കില്ല.
80 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള വോട്ടര്‍മാര്‍ക്ക് ക്യൂവില്‍ നില്‍ക്കാതെ നേരിട്ട് വോട്ടു ചെയ്യാ. എല്ലാ ബൂത്തുകളിലും വോളൻറിയര്‍മാരുടെ സേവനവും വീല്‍ ചെയറും ഉണ്ടായിരിക്കും. കോവിഡ് ബാധിതരോ കോവിഡ് രോഗം സംശയിക്കുന്നവരോ വിവരം വരണാധികാരിയെയോ തഹസില്‍ദാര്‍മാരെയോ രണ്ട് ദിവസം മുമ്പെങ്കിലും അറിയിക്കുകയാണെങ്കില്‍ വോട്ട് രേഖപ്പെടുത്തുന്നതിന് പ്രത്യേക സൗകര്യം ഒരുക്കുന്നതാണെന്ന് അറിയിച്ചിരുന്നുവെങ്കിലും ഇത്തരത്തിലുള്ള അറിയിപ്പുകള് ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല.
പോളിംഗ് ഉദ്യോഗസ്ഥർ
239 പ്രിസൈഡിംഗ് ഓഫീസർമാരും 717 പോളിംഗ് ഓഫീസർമാരും അടക്കം 956 ഉദ്യോഗസ്ഥരെ പോളിംഗ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. 188 ഉദ്യോഗസ്ഥരെ കരുതലായി നിയോഗിച്ചിട്ടുണ്ട്. ഇവർക്കാവശ്യമായ പരിശീലനം പൂർത്തിയായി. പോളിംഗ് സാമഗ്രികളുടെ വിതരണം 30ന് മഹാരാജാസ് കോളേജിൽ നടക്കും. രാവിലെ 7. 30 മുതൽ വരണാധികാരിയുടെ നേതൃത്വത്തില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് വിവിധ സാധനസാമഗ്രികള്‍ വിതരണം ചെയ്യും. നൂല് മുതല്‍ വോട്ടിംഗ് യന്ത്രം വരെയും നൂല് മുതല്‍ രജിസ്റ്ററുകള്‍ വരെയും നിരവധി സാമഗ്രികളാണ് ഉദ്യോഗസ്ഥര്‍ തിട്ടപ്പെടുത്തി ഏറ്റുവാങ്ങേണ്ടത്. പോളിംഗിനായി 327 ബാലറ്റ് യൂണിറ്റുകളും 320 കൺട്രോൾ യൂണിറ്റുകളും 326 വിവിപാറ്റുകളും സജ്ജമാക്കിയിട്ടുണ്ട്. പോളിംഗിനാവശ്യമായ എല്ലാ സാധനസാമഗ്രികളും ലഭ്യമാക്കിയിട്ടുണ്ട്. പോളിംഗ് സാമഗ്രികളുടെയും വോട്ടിംഗ് മെഷീനുകളുടെയും വിതരണത്തിനും സ്വീകരണത്തിനുമായി 20 വീതം കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
പോളിംഗ് ഉദ്യോഗസ്ഥരെ വിതരണ കേന്ദ്രത്തില്‍ നിന്നും ബൂത്തില്‍ എത്തിക്കുന്നതിനും ബൂത്തില്‍ നിന്നും സ്വീകരണ കേന്ദ്രത്തില്‍ എത്തിക്കുന്നതിനും 65 വാഹനങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. പോളിംഗ് ഉദ്യോഗസ്ഥര്‍ അവരവരവര്‍ക്ക് നല്‍കിയിട്ടുള്ള സമയക്രമം അനുസരിച്ച് 30 ന് രാവിലെ 8, 9, 10, 11 എന്നീ സമയങ്ങളിലാണ് വിതരണ കേന്ദ്രമായ മഹാരാജാസ് കോളേജില്‍ എത്തിച്ചേരേണ്ടത്. ഇവരുടെ ബൂത്ത് തിരിച്ചുള്ള നിയമന ഉത്തരവ് അന്നേ ദിവസം വിതരണ കേന്ദ്രത്തില്‍ നല്‍കും. ഇക്കാര്യം എസ്.എം.എസ് മുഖേന മുൻകൂട്ടി അറിയിക്കും. നിയോജക മണ്ഡലത്തെ 24 സെക്ടറുകളായി തിരിച്ച് ഓരോ സെക്ടറിലേക്കും സെക്ടറല്‍ ഓഫീസർമാരെയും സെക്ടറല്‍ അസിസ്റ്റൻറുമാരെയും നിയമിച്ചിട്ടുണ്ട്. തുടര്‍ച്ചയായ ഇടവേളകളില്‍ ഇവര്‍ പോളിങ്ങ് ബൂത്ത് സന്ദര്‍ശിച്ചുകൊണ്ടിരിക്കും.
സ്ഥാനാർത്ഥികളും ചിഹ്നങ്ങളും
ഉമ തോമസ് – കൈ
ഡോ. ജോ ജോസഫ് – ചുറ്റിക അരിവാൾ നക്ഷത്രം
എ എൻ രാധാകൃഷ്ണൻ – താമര
അനിൽ നായർ – ബാറ്ററി ടോർച്ച്
ജോമോൻ ജോസഫ് സ്രാമ്പിക്കൽ – കരിമ്പു കർഷകൻ
സി പി ദിലീപ് നായർ – ടെലിവിഷൻ
ബോസ്കോ ലൂയിസ് – പൈനാപ്പിൾ
മൻമഥൻ – ഓട്ടോറിക്ഷ.