കൊച്ചി> നടിയെ പീഡിപ്പിച്ചെന്ന കേസിൽ നടൻ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി. പൊലീസ് കോടതിയെ തെറ്റിദ്ധരിപ്പിച്ച് അറസ്റ്റ് വാറന്റ് വാങ്ങിയെന്നും ദുബായിലുള്ള താൻ കൊച്ചിയിലെത്തിയാൽ അറസ്റ്റിലാകുമെന്നും ഇടക്കാല മുൻകൂർ ജാമ്യം അനുവദിക്കണമെന്നും വിജയ് ബാബു ഉപഹർജിയിൽ ആവശ്യപ്പെട്ടു. നടിക്കെതിരെ കൂടുതൽ തെളിവുകളും വാട്സാപ് ചാറ്റുകളും ചിത്രങ്ങളും മുദ്രവച്ച കവറിൽ സമർപ്പിച്ചു. പുതിയ സിനിമയിൽ മറ്റൊരു നടിക്ക് അവസരം നൽകിയതിന്റെ പകയാണ് പീഡനപരാതിക്ക് കാരണമെന്നും വിജയ് ബാബു ആരോപിച്ചു.
‘പരസ്പര സമ്മതപ്രകാരമാണ് പരാതിക്കാരിയുമായി ബന്ധപ്പെട്ടത്. നടി കൊച്ചിയിലെ ഫ്ലാറ്റിലെത്തിയപ്പോൾ അവർക്ക് പരിചയമുള്ളയാൾ മുറിയിൽ ഒപ്പമുണ്ടാകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഏപ്രിൽ 14ന് വയനാട് യാത്ര വേണ്ടെന്നുവച്ച് കൊച്ചിയിലെത്തിയ പരാതിക്കാരി ചില രേഖകൾ എടുക്കാനായി മറൈൻഡ്രൈവിലെ ഹൊറൈസൺ ഹോട്ടലിൽ എനിക്കൊപ്പം എത്തി. അവിടെവച്ച് എന്റെ ഫോൺ അറ്റൻഡ് ചെയ്തുവെന്നും വിളിച്ചയാളോട് ഇനി വിളിക്കരുതെന്നും അറിയിച്ചു.
ഇത് ചോദ്യം ചെയ്തപ്പോൾ ക്ഷുഭിതയായി ഇറങ്ങിപ്പോയി. തുടർന്ന് ഭീഷണിസന്ദേശം അയച്ചു. 15ന് എന്റെ ഭാര്യ ഫ്ലാറ്റിൽ ഇല്ലെന്നറിഞ്ഞ് എത്തുകയും അന്ന് അവിടെ താമസിക്കുകയും ചെയ്തു. തലേന്നുണ്ടായ സംഭവത്തിൽ ഫോണിൽ വിളിച്ചവരോട് ക്ഷമ പറഞ്ഞു. 18ന് ഹർജിക്കാരി കോഫി ഹൗസിൽ എത്തുകയും എനിക്കൊപ്പം ഉണ്ടായിരുന്ന നടിയോടും അമ്മയോടും പരസ്യമായി ദേഷ്യപ്പെടുകയും ചെയ്തു. തുടർന്ന് അവർക്ക് മോശം സന്ദേശങ്ങൾ അയച്ചു– ഉപഹർജിയിൽ പറയുന്നു. നടി മൂന്നുതവണ പണം വാങ്ങിയിട്ടുണ്ടെന്നും ഇതിന് ബാങ്ക് രേഖകളുണ്ടെന്നും വിജയ് ബാബു കോടതിയെ അറിയിച്ചു.