പെരിന്തൽമണ്ണ> പ്രവാസിയെ കൊന്ന കേസില്‍ മുഖ്യപ്രതി കീഴാറ്റൂർ ആക്കപ്പറമ്പ് കാര്യമാട് സ്വദേശി മാറുകര വീട്ടില്‍ യഹിയ മുഹമ്മദ് (യഹിയ–-35) അറസ്റ്റിൽ. സൗദിയില്‍നിന്നെത്തിയ അട്ടപ്പാടി സ്വദേശി അബ്ദുള്‍ ജലീലി (42)നെ നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്ന് തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് കൊന്ന കേസിലാണ് അറസ്റ്റ്. ആക്കപ്പറമ്പിലെ രഹസ്യ കേന്ദ്രത്തില്‍നിന്ന് തിങ്കളാഴ്ച രാത്രിയാണ് യഹിയയെ പ്രത്യേക അന്വേഷകസംഘം പിടികൂടിയത്.
15നാണ് കേസിനാസ്പദമായ സംഭവം. സൗദിയില്‍ സ്വര്‍ണക്കടത്ത് നടത്തുന്ന യഹിയയുടെ പങ്കാളികൾ ജലീലിന്റെ കൈവശം കൊടുത്തുവിട്ടതായി പറയുന്ന 1.200 കിലോഗ്രാം സ്വര്‍ണം നഷ്ടപ്പെട്ടതാണ് തട്ടിക്കൊണ്ടുപോകാൻ കാരണം. ജലീലിനെ നെടുമ്പാശേരിയിൽനിന്ന് തട്ടിക്കൊണ്ടുവന്ന് ആദ്യം പെരിന്തല്‍മണ്ണ ജൂബിലി റോഡിലെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ കൊണ്ടുപോയി മര്‍ദിച്ചു. പിന്നീട് ആക്കപ്പറമ്പ് ഗ്രൗണ്ടിലും റബര്‍തോട്ടത്തിലും മാനത്തുമംഗലത്തെ രഹസ്യ കേന്ദ്രത്തിലും എത്തിച്ച് ക്രൂരമായി മർദിച്ചു. കേസില്‍ ശനിയാഴ്ച അറസ്റ്റിലായ മണികണ്ഠന്, റഫീഖ് മുഹമ്മദ് മുസ്തഫ, അനസ് ബാബു, മുഹമ്മദ് അബ്ദുള്‍ അലി, അല്‍ത്താഫ് എന്നിവർ യഹിയയുടെകൂടെ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. കൊണ്ടോട്ടി സ്വദേശികളായ രണ്ട് പ്രതികൾ ഗൾഫിലേക്ക് കടന്നതായും വിവരം ലഭിച്ചിട്ടുണ്ട്.
ആക്കപ്പറമ്പിൽ റോഡരികിൽ വീണുകിടക്കുകയായിരുന്നുവെന്ന് പറഞ്ഞ് 15ന് രാവിലെ യഹിയയാണ് ജലീലിനെ പെരിന്തല്‍മണ്ണ ആശുപത്രിയിൽ എത്തിച്ചത്. ജലീലിന്റെ ഫോൺ, ലഗേജ് എന്നിവ കണ്ടെത്തിയാലേ കൂടുതൽ വിവരം ലഭ്യമാകൂവെന്നും പ്രതികളെ സഹായിച്ച മുഴുവൻ ആളുകളെയും പ്രതിചേർത്ത് അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.