തിരുവനന്തപുരം> വിസ്മയ കേസിലെ വിധി സ്ത്രീധനം എന്ന സാമൂഹ്യ വിപത്തിനെതിരെയുള്ള പ്രതിരോധമാണെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. വിധി കേവലമൊരു വ്യക്തിക്കെതിരായ വിധിയല്ല. സ്ത്രീധനം ആഗ്രഹിച്ചു നടക്കുന്ന വിവാഹങ്ങൾക്കും, സ്ത്രീധനം ചോദിച്ചു വാങ്ങുന്ന ആളുകൾക്കുമെതിരായ താക്കീതാണ് കോടതി നൽകിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായരുമായി മന്ത്രി ഫോണിൽ സംസാരിച്ചു. കേസിൽ ഉടനീളം സർക്കാർ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. പ്രതി കിരൺ കുമാറിനെ നേരത്തെ തന്നെ സർക്കാർ സർവീസിൽ നിന്നും പിരിച്ചു വിട്ടിട്ടുണ്ട്. വിസ്മയയ്ക്ക് നീതിയെന്ന സർക്കാരിന്റെ ഉറപ്പാണ് പാലിക്കപ്പെട്ടത്. പഴുതടച്ച അന്വേഷണത്തിലൂടെ പ്രതിക്ക് ശിക്ഷ ഉറപ്പാക്കുവാൻ സാധിച്ച കേരള പൊലീസിനെയും മികച്ച ഇടപെടൽ നടത്തിയ പബ്ലിക് പ്രോസിക്യൂട്ടറെയും മന്ത്രി അഭിനന്ദിച്ചു.
സ്ത്രീധനത്തിനെതിരെ സമൂഹത്തിൽ പൊതുബോധം ശക്തമായി രൂപപ്പെട്ടു വരണമെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ആവശ്യപ്പെട്ടു. സ്ത്രീപക്ഷ നവകേരളം ക്യാമ്പയിനുമായി സ്ത്രീധനത്തിനെതിരെ സർക്കാർ ജനങ്ങളിലേക്ക് ഇറങ്ങി ചെന്നിട്ടുണ്ട്. ഈ പ്രവർത്തനങ്ങൾക്കെല്ലാം ശക്തി പകരുന്നതും സ്ത്രീധനത്തെ ഇല്ലായ്മ ചെയ്യുന്നതിനും വിസ്മയ കേസിലെ കോടതി വിധി സഹായകരമാകും. നമ്മുടെ പെണ്മക്കൾ നിർഭയരായി, സ്വയം പര്യാപ്തരായി വളരട്ടെയെന്നും എം വി ഗോവിന്ദൻ മാസ്റ്റർ ആഹ്വാനം ചെയ്തു .