ന്യൂഡൽഹി> ഒഡീഷയിലെ സിപിഐ എമ്മിന്റെ മുതിർന്ന നേതാവും മുൻ എംപിയുമായിരുന്ന ശിവജിപട്നായിക്ക് (92) അന്തരിച്ചു. സിപിഐ എം മുൻ കേന്ദ്ര കമ്മിറ്റി അംഗവും ഒഡീഷ മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്നു. സ്വാതന്ത്രസമരസേനാനികളുടെ കുടുംബത്തിൽ ജനിച്ച ശിവജിപട്നായിക്ക് ചെറുപ്രായത്തിൽ തന്നെ വിദ്യാർഥി സമരങ്ങളിലൂടെ രാഷ്ട്രീയരംഗത്ത് സജീവമായി.
അവിഭക്തകമ്യൂണിസ്റ്റ് പാർടിയിൽ അംഗമായി. സിപിഐ സംസ്ഥാന എക്സിക്യൂടീവിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1964ൽ പാർടി പിളർന്നപ്പോൾ സിപിഐ എം രൂപീകരണത്തിൽ നിർണായകപങ്ക് വഹിച്ചു. 1972 മുതൽ 1990 വരെ പാർടി സംസ്ഥാന സെക്രട്ടറിയായി. 1978ൽ 10ാം പാർടി കോൺഗ്രസിൽ കേന്ദ്രകമ്മിറ്റി അംഗമായി. 1989 വരെ പാർടി കേന്ദ്രകമ്മിറ്റി അംഗമായി തുടർന്നു. കർഷകപ്രസ്ഥാനത്തിലും ട്രേഡ്യൂണിയൻ പ്രസ്ഥാനത്തിലും സജീവമായിരുന്നു. ഒഡീഷയിൽ സിഐടിയു രൂപീകരിച്ചപ്പോൾ ആദ്യ പ്രസിഡന്റായി. ഭുവനേശ്വറിൽ നിന്നും മൂന്ന് പ്രാവശ്യം ലോക്സഭാംഗമായി. 1977ൽ ആയിരുന്നു ആദ്യ വിജയം. 1989, 1991 വർഷങ്ങളിൽ വിജയം ആവർത്തിച്ചു. ലോക്സഭയിൽ സാധാരണക്കാരുടെയും തൊഴിലാളികളുടെയും പ്രശ്നങ്ങൾ അവതരിപ്പിച്ച് ഏറെ ശ്രദ്ധ നേടി.
സത്യസന്ധതയുടെയും നിശ്ചയദാർഢ്യത്തിന്റെയും ആൾരൂപമായിരുന്നു ശിവജിപട്നായിക്കെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അനുശോചനസന്ദേശത്തിൽ അനുസ്മരിച്ചു. ഒഡീഷയിൽ ട്രേഡ്യൂണിയൻ പ്രസ്ഥാനം കെട്ടിപടുക്കുന്നതിൽ നിർണായകപങ്ക് വഹിച്ച നേതാവായിരുന്നു അദ്ദേഹമെന്ന് സിഐടിയു അനുശോചന സന്ദേശത്തിൽ പറഞ്ഞു.
നാഷണൽ അലുമിനിയം കമ്പനി ലിമിറ്റഡ് (നാൽക്കോ) സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിന് എതിരായ പോരാട്ടങ്ങളിൽ അദ്ദേഹം മുന്നണിപ്പോരാളിയായിരുന്നുവെന്നും സിഐടിയു കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി നവീൻപട്നായിക്ക് ഉൾപ്പടെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ ശിവജിപട്നായിക്കിന്റെ നിര്യാണത്തിൽ അനുശോചിച്ചു. ഭാര്യ: പ്രതിഭ. നാല് മക്കൾ.