തിരുവനന്തപുരം> സംസ്ഥാനത്ത് മെയ് 25, 26, 27 തീയതികളിൽ കുട്ടികൾക്കുള്ള പ്രത്യേക വാക്സിനേഷൻ യജ്ഞം സംഘടിപ്പിക്കും. സ്കൂൾ തുറക്കുന്ന സാഹചര്യം കൂടി മുന്നിൽകണ്ട് പരമാവധി കുട്ടികൾക്ക് വാക്സിൻ നൽകുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണാജോർജ് പറഞ്ഞു.
സ്കൂളുകളുമായും റസിഡന്റ്സ് അസോസിയേഷനുകളുമായും സന്നദ്ധ പ്രവർത്തകരുമായും സഹകരിച്ചാണ് യജ്ഞം സംഘടിപ്പിക്കുന്നത്. പ്രധാന ആശുപത്രികളിൽ ഈ ദിവസങ്ങളിലും വാക്സിനേഷൻ ഉണ്ടായിരിക്കും. കോവിൻ പോർട്ടൽ വഴി രജിസ്റ്റർ ചെയ്തോ നേരിട്ട് വാക്സിനേഷൻ സെന്ററിലെത്തി രജിസ്റ്റർ ചെയ്തോ വാക്സിൻ സ്വീകരിക്കാം. സ്കൂൾ ഐഡി കാർഡോ, ആധാറോ കൊണ്ടുവരണം. എല്ലാ കുട്ടികൾക്കും വാക്സിനൽകിയെന്ന് ഉറപ്പ് വരുത്തണമെന്നും. സംസ്ഥാന റാപ്പിഡ് റെസ്പോൺസ് ടീം യോഗത്തിൽ മന്ത്രി നിർദേശം നൽകി.
15 മുതൽ 17 വരെ പ്രായമുള്ള 81 ശതമാനം കുട്ടികൾക്ക് ആദ്യ ഡോസ് വാക്സിനും 52 ശതമാനം കുട്ടികൾക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. 12 മുതൽ 14 വരെ പ്രായമുള്ള 40 ശതമാനം കുട്ടികൾക്ക് ആദ്യ ഡോസ് വാക്സിനും 11 ശതമാനം കുട്ടികൾക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. കോവിഡ് കേസുകളിൽ ജിനോമിക് പരിശോധനകൾ നടത്തും. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം. ഡ്രൈ ഡേ പ്രവർത്തനങ്ങൾ കൃത്യമായി നടത്തണം. ഫീൽഡ് പ്രവർത്തകരും ഡിവിസി യൂണിറ്റുകളും കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കണം.
പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ജില്ലകൾ കൃത്യമായി അവലോകനം നടത്തണം. വാനര വസൂരിയ്ക്കെതിരെ (മങ്കി പോക്സ്) ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ പ്രതിരോധ പ്രവർത്തനങ്ങളും യോഗം ചർച്ച ചെയ്തു. ആരോഗ്യ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു.