കൊച്ചി > പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ നടൻ വിജയ് ബാബു വിമാന ടിക്കറ്റ് ഹാജരാക്കിയാൽ മുൻകൂർ ജാമ്യഹർജി പരിഗണിക്കാമെന്ന് ഹൈക്കോടതി. ടിക്കറ്റ് കോടതിയിൽ സമർപ്പിക്കുമ്പോൾ കേസ് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.
കോടതി പറയുന്ന ദിവസം ഹാജരാവാമെന്ന് പ്രതി അറിയിച്ചെങ്കിലും ആവശ്യം തള്ളി. അന്വേഷണവുമായി സഹകരിക്കാമെന്നും ഉദ്യോഗസ്ഥൻ്റെ മുൻപാകെ ഹാജരാവാമെന്നും വിജയ് ബാബു ബോധിപ്പിച്ചെങ്കിലും ആദ്യം കോടതിയുടെ പരിധിയിൽ വരട്ടെയെന്ന് കോടതി വ്യക്തമാക്കി.
വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ കേസ് പരിഗണിക്കണമെന്നും വിജയ് ബാബു ആവശ്യപ്പെട്ടു. ജസ്റ്റിസ് പി ഗോപിനാഥാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് യുവനടിയുടെ പരാതി. നടിയുടെ പരാതി വസ്തുതാപരമല്ലെന്നും പണം തട്ടാനാണ് ശ്രമമെന്നുമാണ് വിജയ് ബാബുവിൻ്റെ ആരോപണം.
പൊലീസ് മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നതെന്നും അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും ഉപാധികൾ
അംഗീകരിക്കാമെന്നും അറസ്റ്റ് ചെയ്താൽ ജമ്യത്തിൽ വിട്ടയക്കാൻ നിർദേശിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. ഹർജിക്കാരൻ കേരള പൊലീസിനു വേണ്ടി ചെയ്ത പരസ്യ ചിത്രത്തിൽ പരാതിക്കാരി അഭിനയിച്ചുവെന്നും തുടർന്നും അവസരങ്ങൾക്കായി തന്നെ സമീപിച്ചെന്നും എന്നാൽ സിനിമയിൽ സംവിധായകനാണ് തീരുമാനമെടുക്കുന്നതെന്ന് അറിയിച്ചിരുന്നുവെന്നും വിജയ് ബാബു ഹർജിയിൽ പറയുന്നു. താൻ മാനേജിംഗ് ഡയറക്ടറായ കമ്പനി നിർമിച്ച ഹോം എന്ന ചിത്രത്തിൽ അവസരത്തിനായി പരാതിക്കാരി സമീപിച്ചിരുന്നു. സംവിധായകനാണ് തീരുമാനമെടുക്കുന്നതെന്ന് പറഞ്ഞിരുന്നു.
തുടർന്നും അവസരങ്ങൾക്കായി തന്നെ സമീപിച്ചിട്ടുണ്ട്. തൻ്റെ കുടുംബത്തെക്കുറിച്ച് പരാതിക്കാരിക്ക് അറിവുണ്ടെന്നും ഹർജിയിൽ പറയുന്നു.